
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യാപാര പ്രതിന്ധി തുടരുമ്പോഴും ഇന്ത്യയുടെ കയറ്റുമതി പുതിയ സാമ്പത്തികവർഷത്തിൽ മുന്നേറ്റത്തോടെ ആരംഭിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിലേക്കാൾ 13.79 ശതമാനം വർധനയോടെ 43.56 ബില്യണ്‍ ഡോളറിലെത്തി. എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്‌ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിലുണ്ടായ മികവാണ് കയറ്റുമതിക്ക് കരുത്തായത്.
വാണിജ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സ്വർണത്തിന്‍റെ ഇറക്കുമതിയിലുണ്ടായ 81.69 ശതമാനത്തിന്‍റെ വൻ വർധന (5.62 ബില്യണ്‍ ഡോളർ) മൂലം മൊത്തം ഇറക്കുമതി 10 ശതമാനം ഉയർന്ന് 71.94 ബില്യണ്‍ ഡോളറായി. ഇതോടെ ചരക്ക് വ്യാപാരക്കമ്മി 28.38 ബില്യണ്‍ ഡോളറായി വർധിച്ചു. മുൻ മാസം മാർച്ചിൽ 20.67 ബില്യണ്‍ ഡോളറും 2025 ഏപ്രിലിൽ 27.1 ബില്യണ്‍ ഡോളറുമായിരുന്നു വ്യാപാരക്കമ്മി.
പ്രധാന വ്യാപാരപാതയിൽ അശാന്തി നിലനിൽക്കുമ്പോഴും ആഗോളവിപണിയിലെ ഉയർന്ന വിലയും ടാൻസാനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉൾപ്പെടെ വിപണി വൈവിധ്യവത്കരണമാണ് കയറ്റുമതി ഉയരാൻ കാരണമായതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഇറാനിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും വ്യാപാരത്തെ തടസപ്പെടുത്തുന്നത് തുടരുന്നതിനാൽ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 4.16 ബില്യണ്‍ ഡോളറായി. 2025 ഏപ്രിലിൽ 5.78 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയായിരുന്നുവെന്ന് അഗർവാൾ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉൾപ്പെടെ പശ്ചിമേഷ്യയിൽനിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 31.64 ശതമാനം ഇടിഞ്ഞ് 10.47 ബില്യണ്‍ ഡോളറിലെത്തി.
2025 ഏപ്രിലിലെ 8.48 ബില്യണ്‍ ഡോളറിൽനിന്ന് 8.48 ബില്യണായി ഉയർന്നതോടെ ഏപ്രിലിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി യുഎസ് തുടർന്നു. സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 2025 ഏപ്രിലിലെ 1.14 ബില്യണ്‍ ഡോളറിൽനിന്ന് 3.2 ബില്യണ്‍ ഡോളറായി ഉയർന്നു.
എന്നാൽ, യുഎഇയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ ഏപ്രിലിലെ 3.43 ബില്യണ്‍ ഡോളറിൽനിന്ന് ഈ ഏപ്രിലിൽ 2.19 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചൈന ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി വിപണിയായി മാറി. കഴിഞ്ഞ ഏപ്രിലിലെ 1.39 ബില്യണ്‍ ഡോളറിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി മൂല്യം 1.77 ബില്യണ്‍ ഡോളറായി വർധിച്ചു.
ഇന്ത്യ ഇറക്കുമതിയിൽ കൂടുതൽ ആശ്രയിക്കുന്ന ചൈനയിൽനിന്നുള്ള ഇറക്കുമതി 11.97 ബില്യണ്‍ ഡോളറായി ഉയർന്നു. മുൻ വർഷം ഇതേ മാസം 9.91 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയായിരുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2025 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 7.36 ബില്യണ്‍ ഡോളറിലെത്തി. യുഎസിൽനിന്നുള്ള ഇറക്കുമതി 5.53 ബില്യണ്‍ ഡോളറിൽനിന്ന് 5.25 ബില്യണ്‍ ഡോളറായി കുറഞ്ഞു.
യുഎഇയിൽനിന്നുള്ള ഇറക്കുമതി 2025 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറിൽനിന്ന് 2026 ഏപ്രിലിൽ 4.07 ബില്യണ്‍ ഡോളറായി താഴ്ന്നു. എന്നാൽ, സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 2.95 ബില്യണ്‍ ഡോളറിൽനിന്ന് 3.85 ബില്യണ്‍ ഡോളറായി ഉയർന്നു.






