കൊച്ചി: കേരളം ആസ്ഥാനമായ സഫ ഗ്രൂപ്പ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ലക്ഷ്യമിടുന്നതായി ചെയര്മാന് കെ.ടി.എം.എ സലാം. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഐ.പി.ഒ നടത്താനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് എന്ന് അദ്ദേഹം പറഞ്ഞു.
സഫ ഗ്രൂപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഇന്സ്റ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറി (ഐ.ജി.ജെ) യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.ഇ വിഭാഗത്തിലാണ് ലിസ്റ്റിംഗ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഐ.പി.ഒ നടത്താനുദ്ദേശിക്കുന്നതെന്നും കൂടുതല്‍ കാര്യങ്ങളിലേക്ക് കമ്പനി കടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണവ്യാപാര മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് മലപ്പുറം പെരിന്തല്‍മണ്ണ ആസ്ഥാനമായുള്ള സഫ ഗ്രൂപ്പ്.
ലക്ഷ്വറി ലൈഫ് സ്റ്റൈല്‍ രംഗത്ത് സജീവമായ ഗ്രൂപ്പിന് കീഴില്‍ സഫ ജുവലറി, ക്ലാരസ് ഡിസൈനര്‍ ജുവലറി, ഹോള്‍സെയില്‍ വിഭാഗമായ ലോറല്‍, കോസ്മെറ്റിക് റീറ്റെയ്ല്‍ ഫ്രാഞ്ചൈസിയായ കോസ്മെഡിക്സ്, മാനുഫാക്ചറിംഗ് കമ്പനിയായ സഫ മാനുഫാക്ചറിംഗ് എന്നിവയുമുണ്ട്. 1,500 കോടി രൂപയാണ് ഗ്രൂപ്പിന്റെ വിറ്റു വരവ് കണക്കാക്കുന്നത്.