
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ 46-ാമത് എജിഎം ഓഗസ്റ്റ് 28ന് നടക്കും. ഗ്രൂപ്പിന്റെ ഭാവിപരിപാടികളെ കുറിച്ചുള്ള സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ എജിഎമ്മില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെലികോം, റീട്ടെയില്‍ സബ്‌സിഡറികളുടെ ഓഹരി വില്‍പ്പന, റിലയന്‍സ് ജിയോക്ക് ഗൂഗ്‌ളുമായുള്ള ധാരണ, 5ജി സേവനത്തിന്റെ തുടക്കം, ന്യൂ എനര്‍ജി ബിസിനസ് തുടങ്ങിയ വിവിധ കാര്യങ്ങളിലുള്ള പ്രഖ്യാപനങ്ങള്‍ എജിഎമ്മിനെ സംഭവബഹുലമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്യുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്‌ച തന്നെ പ്രഖ്യാപനമുണ്ടാവുകയും ലിസ്റ്റ് ചെയ്യുകയും ചെയ്‌തു.
ലിസ്റ്റിംഗ് നടന്ന നിലക്ക് ഇനി കമ്പനിയുടെ ഗെയിം പ്ലാനിനെ കുറിച്ചുള്ള സൂചനകള്‍ക്കാണ് വിപണി കാതോര്‍ക്കുന്നത്. ധനകാര്യ സേവന മേഖലയില്‍ കമ്പനി ചെയ്യാനിരിക്കുന്ന ബിസിനസുകളെ കുറിച്ച് എജിഎമ്മില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്കുമായി ചേര്‍ന്ന് മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ സംയുക്ത സംരംഭം ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനങ്ങളുടെ സ്വഭാവം അനുസരിച്ച് എജിഎം നടക്കുന്ന ദിവസം റിലയന്‍സിന്റെ ഓഹരി വിലയില്‍ വ്യതിയാനം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം എജിഎം നടന്ന ദിവസം ഓഹരി വിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല.