
കോതമംഗലം: ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയെങ്കിലും ഉത്പാദകരായ കർഷകരിലേക്ക് ഡിമാൻഡനുസരിച്ചുള്ള നേട്ടമെത്തുന്നില്ല. മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.
ഇടിയൻ ചക്ക(ഇടിഞ്ചക്ക) ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചു മുതൽ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25 – 30 രൂപ മാത്രമാണെന്നു കർഷകർ പറയുന്നു. മഴ പെയ്തു തുടങ്ങിയാൽ വില ഇനിയും കുറയും.
കർഷകരിൽനിന്ന് 25 – 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക ചെറുവണ്ടികളിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എത്തിച്ച് മൊത്തക്കച്ചവടക്കാരനു നൽകുമ്പോൾ കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണു വില ഉയരുന്നത്. ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്‌ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്.
ചക്ക ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കയ്ക്കു പുറമേ, കപ്പ, ഏത്തയ്ക്ക എന്നിവയിലും പ്രാദേശികമായി മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ തുടങ്ങിയാൽ ഇടനിലക്കാരുടെയും വൻകിട കച്ചവടക്കാരുടെയും ചൂഷണം നിയന്ത്രിക്കാനാകും. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഗ്യാസ് ക്ഷാമം ചക്കയ്ക്കും തിരിച്ചടി
മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്. അധിക വിലകൊടുത്ത് ഇതു വാങ്ങാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരേറെ.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും കൂട്ടത്തോടെ പിന്മാറി. ചക്കയുടെ വിവിധ ഇനം ചിപ്സുകൾക്ക് വില കൂടിയിട്ടുമുണ്ട്.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്.






