
മുംബൈ: നടപ്പുസാമ്പത്തികവർഷം പുതിയ ഉദ്യോഗാർഥികൾക്കായി ടാറ്റ കണ്‍സൾട്ടൻസി സർവീസ് 25,000 തൊഴിൽ വാഗ്ദാനങ്ങൾ നല്കിയിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസൻ പറഞ്ഞു. വിപണിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി കൂടുതൽ ആളുകളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വെല്ലുവിളികൾ നേരിട്ടിട്ടും കഴിഞ്ഞ സാമ്പത്തികവർഷം (2025-26) 44,000 പുതിയ ഉദ്യോഗാർഥികളുടെ നിയമനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് നടത്തിയത്. രാജ്യത്തെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നായിരുന്നു അത്.
2027 സാമ്പത്തികവർഷം 25000 പുതിയ ഉദ്യോഗാർഥികൾക്ക് തൊഴിൽവാഗ്ദാനം നല്കിയിട്ടുണ്ടെന്ന് പിടിഐക്കു നൽകിയ അഭിമുഖത്തിൽ കൃതിവാസൻ പറഞ്ഞു. കമ്പനി ലാറ്ററൽ നിയമനങ്ങളെ ആശ്രയിക്കുന്നത് വർധിപ്പിക്കുമോ എന്നും ഡെലിവറി മോഡലിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുമുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഒരു പുതിയ ആൾ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒമ്പത് മാസത്തെ പരിശീലനം ആവശ്യമാണ്. എ്ന്നാൽ, ഒരു ലാറ്ററലിന് (പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക്) ഉടനടി ജോലിയിൽ തുടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ആവശ്യകതകൾ നിയമന തന്ത്രങ്ങളെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തിൽ ഓരോ സാമ്പത്തിക വർഷവും 40000 പുതിയ ഉദ്യോഗാർഥികളെ കമ്പനി നിയമിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 12000 ജീവനക്കാരെ പിരിച്ചുവിട്ടതുപോലെ മറ്റൊരു ഘടനാപരമായ മാറ്റങ്ങൾക്ക് കമ്പനി തയാറാകുമോയെന്ന ചോദ്യത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നിടത്തോളം ജീവനക്കാർക്ക് കമ്പനിയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് കൃതിവാസൻ മറുപടി നല്കി.
കഴിഞ്ഞ വർഷത്തെ പിരിച്ചുവിടലുകൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (അക) സാങ്കേതികവിദ്യകളുടെ കടന്നുകയറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന് കൃതിവാസൻ വ്യക്തമാക്കി. പ്രോജക്റ്റുകൾ നടപ്പിലാക്കുന്ന രീതിയിൽ സമീപകാലത്തുണ്ടായ മാറ്റങ്ങൾ കാരണം സീനിയർ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സേവനം പഴയതുപോലെ ആവശ്യമില്ലാത്തതിനാലാണ് അവരെ ഒഴിവാക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും സീനിയർ തലത്തിലുള്ളവരായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.






