
ന്യൂഡൽഹി: മാർച്ച് മാസത്തിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഉയർന്നു. ഫെബ്രുവരിയിലെ 3.21 ശതമാനത്തിൽനിന്നാണ് മാർച്ചിൽ 3.4 ശതമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 3.34 ശതമാനത്തിലായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക്.
ഭക്ഷണസാധനങ്ങളിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ പുതിയ കണക്കുകൾ പുറത്തുവിട്ടു. ഗ്രാമീണ പണപ്പെരുപ്പം മുൻമാസം 3.63 ശതമാനത്തിലെത്തി.
ഫെബ്രുവരിയിലിത് 3.37 ശതമാനമായിരുന്നു. നഗരങ്ങളിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.02 ശതമാനത്തിൽനിന്ന് മാർച്ചിൽ 3.11 ശതമാനത്തിലേക്കു വർധിച്ചു. റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 3.87 ശതമാനത്തിലേക്ക് ഉയർന്നു.
ഫെബ്രുവരിയിൽ 3.47 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ 3.906 ശതമാനവും നഗരമേഖലയിൽ 3.71 ശതമാനവുമാണ്. ഫെബ്രുവരിയിൽ യഥാക്രമം 3.46 ശതമാനവും 3.48 ശതമാനവുമായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വർധന ഉണ്ടായെങ്കിലും ആകെ വിലക്കയറ്റം ആർബിഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
മാർച്ചിൽ ചില അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവ് ആശ്വാസം നൽകി. സവോളയുടെ വിലയിൽ 27 ശതമാനവും ഉരുളക്കിഴങ്ങിന് 19 ശതമാനവും കുറവ് രേഖപ്പെടുത്തി. വെളുത്തുള്ളി, പയർവർഗങ്ങൾ, കടല എന്നിവയുടെ വിലയിലും കുറവുണ്ടായി. എന്നാൽ, തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയരുകയും ചെയ്തു.
ഭക്ഷ്യവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോഴും ആഭരണവിപണിയിൽ വിലക്കയറ്റമാണ്. മാർച്ചിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയവയിൽ മുന്നിലുള്ള വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 160.88 ശതമാനത്തിൽനിന്ന് 148.61 ശതമാനത്തിലെത്തി. സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെ വിലയിൽ 45.92 ശതമാനം വർധനയുണ്ടായി. മുൻമാസമിത് 48.17 ശതമാനമായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ആഗോള എണ്ണ വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കൾക്കും ഇടയിലാണ് പുതിയ പണപ്പെരുപ്പ കണക്കുകൾ വന്നിരിക്കുന്നത്.
തെലുങ്കാന ഒന്നാമത്
2025ൽ ചില്ലറ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന പദവിയിലിരുന്ന കേരളം 2026ൽ അത് മാറ്റിയെടുത്തു. ഈ പട്ടം ജനുവരിയിൽ തെലുങ്കാനയ്ക്ക് കൈമാറിയ കേരളം, ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തെത്തി. മാർച്ചിൽ കേരളം വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽനിന്നും പുറത്തായിരിക്കുകയാണ്.
വിലക്കയറ്റത്തോതിൽ മാർച്ചിലും മുന്നിൽ തെലുങ്കാനയാണ്. 5.83 ശതമാനമാണ് തെലുങ്കാനയുടെ പണപ്പെരുപ്പ നിരക്ക്. ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.
കേരളത്തിന്‍റെ പണപ്പെരുപ്പ നിരക്ക് 3.62 ശതമാനമാണ്. വിലക്കയറ്റത്തോതിൽ പത്ത് സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുകളിൽ.






