
മ്യൂച്വൽ ഫണ്ടുകളിലേക്ക് വൻതോതിൽ നിക്ഷേപമെത്തുമ്പോഴും എസ്ഐപി (SIP) റിട്ടേണുകളിൽ കാര്യമായ മുന്നേറ്റമില്ല. ഭൂരിഭാഗം ഓഹരി അധിഷ്ഠിത ഫണ്ടുകളും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒറ്റയക്ക ആദായം മാത്രമാണ് നൽകിയത്.
സ്മോൾ, മിഡ് ക്യാപ് ഫണ്ടുകൾ ഒഴികെയുള്ള മിക്ക വിഭാഗങ്ങളും ഈ കാലയളവിൽ കുറഞ്ഞ വളർച്ചയാണ് പ്രകടിപ്പിച്ചത്. എന്നിരുന്നാലും, എക്കാലത്തെയും റെക്കോഡായ 32,297 കോടി രൂപയുടെ എസ്ഐപി നിക്ഷേപമാണ് ഓഗസ്റ്റിലെത്തിയത്.
ഫണ്ടുകൾ നൽകിയ ആദായം
വിവിധ മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ, ഹ്രസ്വകാലത്തേക്കാൾ ദീർഘകാല നിക്ഷേപങ്ങൾ മികച്ച ഫലം നൽകുന്നതായി കാണാം.
വിവിധ കാറ്റഗറികളിലെ ഫണ്ടുകൾ നൽകിയ ശരാശരി(എസ്.ഐ.പി) ആദായമാണിത്.
മൂന്ന് വർഷത്തെ പ്രകടനം: സ്മോൾ ക്യാപ് (13.03%), മിഡ് ക്യാപ് (12.81%) ഫണ്ടുകൾ ഒഴികെ മറ്റെല്ലാ വിഭാഗങ്ങളും ഒറ്റയക്ക വളർച്ചയാണ് രേഖപ്പെടുത്തിയത്. ലാർജ് ക്യാപ് ഫണ്ടുകൾ 5.04 ശതമാനം ആദായം മാത്രമാണ് നൽകിയത്.
ഒരു വർഷത്തെ പ്രകടനം: ഒരു വർഷത്തിനിടെ സ്മോൾ ക്യാപ് ഫണ്ടുകൾ 27.68 ശതമാനവും മിഡ് ക്യാപ് ഫണ്ടുകൾ 18.49 ശതമാനവും ഉയർന്ന ആദായം നൽകി.
അഞ്ച് വർഷത്തെ പ്രകടനം: ദീർഘകാലാടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളും 9% മുതൽ 16% വരെ ഭേദപ്പെട്ട ആദായം നൽകിയതായി കാണാം.
എസ്ഐപി നിക്ഷേപ വരവ്
വിപണിയിലെ അസ്ഥിരതകൾക്കിടയിലും റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്.
റെക്കോഡ് നിക്ഷേപം: ഓഗസ്റ്റിൽ മാത്രം 32,297 കോടി രൂപ എസ്ഐപി വഴി വിപണിയിലെത്തി.
സമീപകാല പ്രവണത: കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ആകെ എസ്ഐപി നിക്ഷേപം 1.58 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ നിക്ഷേപമായ 3.5 ലക്ഷം കോടി രൂപയുടെ 45 ശതമാനത്തോളം വരുമിത്.
നിക്ഷേപകരുടെ പക്വത: കുറഞ്ഞ റിട്ടേണുകൾക്കിടയിലും നിക്ഷേപം തുടരുന്നത് റീട്ടെയിൽ നിക്ഷേപകരുടെ വളർന്നുവരുന്ന പക്വതയ്ക്ക് തെളിവാണ്.
കഴിഞ്ഞ മൂന്ന് വർഷത്തെ എസ്ഐപി ആദായം താരതമ്യേന കുറവാണെങ്കിലും നിക്ഷേപകർ പിൻവാങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിപണിയിലെ അസ്ഥിരതകളെ അതിജീവിച്ച് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം തുടരുന്നത് മികച്ച സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും.
അതേസമയം സ്മോൾ, മിഡ് ക്യാപ് വിഭാഗങ്ങളിലെ അമിത നിക്ഷേപത്തിൽ ജാഗ്രത പാലിക്കുകയും വേണം.






