
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ആഗോള ഇടിഎഫുകളുടെ വിലയില്‍ അസാധാരണമായ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ചില ഇടിഎഫുകള്‍ അവയുടെ എന്‍എവിയേക്കാള്‍ 65 ശതമാനം വരെ പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. അടിസ്ഥാന ആസ്‌തികളുടെ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാതിരിക്കെ ആഗോള ഇടിഎഫുകളുടെ വിലയിലുണ്ടായ ഈ വലിയ വ്യത്യാസത്തിന് പിന്നിലെ കാരണമെന്താണെന്ന ആശങ്കയിലാണ് നിക്ഷേപകര്‍.
സെപ്‌റ്റംബര്‍ ഏഴിന് ലേബര്‍ ഡേ അവധിയായതിനാല്‍ യുഎസ് വിപണികള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെ സെപ്‌റ്റംബര്‍ എട്ടിനാണ് ആദ്യമായി വലിയ വിലവ്യത്യാസം പ്രകടമായത്. ഈ പ്രവണത തുടരുന്നതായാണ് സൂചന. വ്യാഴാഴ്‌ച നാസ്‌ഡാക് 100 ടോപ്പ് 50 ഇടിഎഫിന് 65 ശതമാനം പ്രീമിയമാണ് ഉണ്ടായിരുന്നത്. എസ്&പി 500 ടോപ്പ് 50 ഇടിഎഫ് 55 ശതമാനം പ്രീമിയത്തിലും ഹാങ് സെങ് ടെക് ഇടിഎഫ് 26 ശതമാനം പ്രീമിയത്തിലും നാസ്‌ഡാക് 100 ഇടിഎഫ് 27 ശതമാനം പ്രീമിയത്തിലുമാണ് വ്യാപാരം നടത്തിയത്.
എന്തുകൊണ്ട് പ്രീമിയം ഉയരുന്നു?
വിദേശ വിപണികളിലെ അടിസ്ഥാന ഓഹരികള്‍ക്ക് പെട്ടെന്ന് 65 ശതമാനം വരെ മൂല്യം വര്‍ധിച്ചതു കൊണ്ടല്ല പ്രീമിയത്തിലെ ഈ കുതിച്ചുചാട്ടം. ഇന്ത്യയിലെ ഡിമാന്‍ഡിലും സപ്ലൈയിലുമുള്ള നിയന്ത്രണങ്ങളും ഇടിഎഫുകളുടെ വില നിര്‍ണയ രീതിയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ വലിയ വിലവ്യത്യാസത്തിന് പ്രധാന കാരണം.
വിദേശ നിക്ഷേപത്തിനുള്ള പരിധികള്‍ കാരണം ഇന്ത്യയിലെ ഇടിഎഫുകളിലെ വ്യാപാരത്തിന് ചില നിയന്ത്രണങ്ങള്‍ ബാധകമാണ്. വിദേശ ഇടിഎഫുകളിലെ നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് അനുവദിച്ചിട്ടുള്ള ഒരു ബില്യണ്‍ ഡോളറിന്റെ പരിധി ഇതിനകം പൂര്‍ണമായി ഉപയോഗിച്ചുകഴിഞ്ഞു. ഇതോടെ ഫണ്ട് ഹൗസുകള്‍ക്ക് പുതിയ യൂണിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാനുള്ള ഡിമാന്‍ഡ് ലഭ്യമായ സപ്ലൈയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.
സെബിയുടെ നിര്‍ദേശപ്രകാരം സര്‍ക്യൂട്ട് പരിധികള്‍ കണക്കാക്കുന്ന രീതിയില്‍ വരുത്തിയ മാറ്റവും പ്രീമിയത്തിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. നേരത്തെ ഈ ഇടിഎഫുകള്‍ അവയുടെ എന്‍എവിയെ അടിസ്ഥാനമാക്കി 20 ശതമാനം സര്‍ക്യൂട്ട് പരിധിക്ക് വിധേയമായിരുന്നു. ഇപ്പോള്‍ മുന്‍ദിവസത്തെ ക്ലോസിങ് വിലയെ അടിസ്ഥാനമാക്കിയാണ് സര്‍ക്യൂട്ട് പരിധി കണക്കാക്കുന്നത്. ഇതിന്റെ ഫലമായി സര്‍ക്യൂട്ട് പരിധി ഉയര്‍ന്നു.
യുഎസ് ഫണ്ടുകളോടുള്ള നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചതും പ്രീമിയത്തിലെ വര്‍ധനയ്‌ക്ക് കാരണമായി. ഇന്ത്യന്‍ ഓഹരികളെ അപേക്ഷിച്ച് ഈ ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചത് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
നിക്ഷേപകരെ എങ്ങനെ ബാധിക്കുന്നു?
അടിസ്ഥാന ആസ്‌തികളുടെ മൂല്യത്തിന് മുകളിലാണ് നിക്ഷേപകര്‍ നല്‍കുന്ന പ്രീമിയം. ഉദാഹരണത്തിന്, ഒരു ഇടിഎഫിന്റെ അടിസ്ഥാന ആസ്‌തികളുടെ മൂല്യം ഒരു യൂണിറ്റിന് 100 രൂപയാണെന്ന് കരുതുക. എന്നാല്‍ വിപണി വില 165 രൂപയാണെങ്കില്‍ അത് വാങ്ങുന്ന നിക്ഷേപകന്‍ 65 രൂപ പ്രീമിയമാണ് നല്‍കുന്നത്.
ഇത്രയും ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യുന്ന ഫണ്ടുകളില്‍ പുതിയ നിക്ഷേപം നടത്തുന്നത് വളരെ ചെലവേറിയ ഏര്‍പ്പാടാണ്. നേരത്തെ ഇത്തരം ഇടിഎഫുകളില്‍ നിക്ഷേപിച്ചവര്‍ ഇപ്പോള്‍ ലാഭമെടുക്കുന്നതാകും ഉചിതം.





