
മുംബൈ: ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ വരാനിരിക്കുന്ന ഉത്സവകാലം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും വലിയ നേട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപാരത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
വർദ്ധിച്ചുവരുന്ന ഓർഡറുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് കമ്പനികൾ വെയർഹൗസുകൾ, പാക്കിംഗ് കേന്ദ്രങ്ങൾ, ഡെലിവറി വിഭാഗം എന്നിവിടങ്ങളിലായി താൽക്കാലിക ജീവനക്കാരുടെ നിയമനം വൻതോതിൽ ഉയർത്താൻ ഒരുങ്ങുകയാണ്.
റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ കണക്കുകൾ പ്രകാരം ഈ വർഷത്തെ ഉത്സവകാലത്ത് ഓൺലൈൻ റീട്ടെയിൽ മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ അനുകൂല സാഹചര്യം താൽക്കാലിക തൊഴിൽ വിപണിക്ക് വലിയ ഉണർവാണ് നൽകുന്നത്. അഡെക്കോ ഇന്ത്യയുടെ വിലയിരുത്തൽ അനുസരിച്ച് ഇത്തവണത്തെ ഉത്സവകാല നിയമനങ്ങളിൽ 15 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടാകും. ഇത് ഏകദേശം 2.5 ലക്ഷം മുതൽ 2.7 ലക്ഷം വരെയുള്ള പുതിയ താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമാകും.
പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് മാത്രം ഈ സീസണിൽ 2.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 1.4 ലക്ഷത്തോളം അവസരങ്ങളും ലാസ്റ്റ്-മൈൽ ഡെലിവറി വിഭാഗത്തിലാണ്. ഇതിനായി പുതിയ ഡെലിവറി ഹബുകളും കമ്പനി സജ്ജമാക്കുന്നുണ്ട്.
ഇതിനുപുറമെ, 10-15 മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളും നിയമനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആകെ താൽക്കാലിക ജീവനക്കാരുടെ ആവശ്യകതയുടെ 40 മുതൽ 45 ശതമാനം വരെ ഈ മേഖലയിൽ നിന്നായിരിക്കുമെന്നാണ് കണക്കാക്കുന്നത്.






