
- അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ടൂറിസം മന്ത്രി വിഷ്ണുനാഥ്
- യുഎഇ, മാലിദ്വീപ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എടിഎം 2026) എക്സ്പോയില്‍ സംസ്ഥാനത്തിന്‍റെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍.
ആഗോള പ്രശസ്തമായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് സെപ്റ്റംബര്‍ 14 ന് ആരംഭിച്ചത് മുതല്‍ മധ്യപൂര്‍വേഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി സന്ദര്‍ശകരെയാണ് കേരള പവലിയന്‍ ആകര്‍ഷിച്ചത്. നാല് ദിവസമാണ് എക്സ്പോ.
എക്സ്പോ സന്ദര്‍ശിച്ച ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറിയുമായും, മാലിദ്വീപ് ടൂറിസം-സിവില്‍ ഏവിയേഷന്‍ മന്ത്രി അബ്ദുള്ള നിയാസുമായും കൂടിക്കാഴ്ച നടത്തി.
സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ‘ഫ്ലൈ ദുബായ്’ സീനിയര്‍ വൈസ് പ്രസിഡന്‍റ് സുധീര്‍ ശ്രീധരന്‍, ദുബായ് പോലീസ് അധികൃതര്‍ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന എടിഎം 2026 ആഗോള ട്രാവല്‍-ടൂറിസം മേഖലയിലേക്കുള്ള സുപ്രധാന കവാടമാണ്.
കേരള ടൂറിസത്തിന് സവിശേഷവും നൂതനവുമായ പാക്കേജുകള്‍ ആഗോളതലത്തിലും മിഡില്‍ ഈസ്റ്റ് വിപണിയിലും അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
യുഎഇയും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാല്‍ മിഡില്‍ ഈസ്റ്റ് വിപണി സംസ്ഥാനത്തിന് വളരെ പ്രധാനമാണ്. ടൂറിസം പങ്കാളികള്‍ക്ക് ഈ മേഖലയിലെ പുതിയ ട്രെന്‍ഡുകളും ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളും മനസ്സിലാക്കാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വളര്‍ച്ചയ്ക്കായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും വിജയകരമായ പങ്കാളിത്തങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് എടിഎം 2026.
എക്സ്പോയിലെ കേരള ടൂറിസം പവലിയന്‍ (എഎസ്7250) 69 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഒരുക്കിയിരുന്നത്. ‘ഗ്രീന്‍ പീസ് – യല്ല കേരള’ എന്ന പ്രമേയത്തില്‍ ഒരുക്കിയ പവലിയനില്‍ കേരളത്തിലെ മലനിരകളുടെയും ഹരിതാഭമായ പ്രകൃതിയുടെയും ചിത്രങ്ങള്‍ പശ്ചാത്തലത്തിലും ഡിസ്പ്ലേ പാനലുകളിലും ഉള്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള മൂന്ന് ഹോട്ടലുകള്‍/റിസോര്‍ട്ടുകള്‍, മൂന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരും എക്സ്പോയില്‍ പങ്കാളികളായി. കൈരളി – ദി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, ദി എലിഫന്‍റ് കോര്‍ട്ട് (തേക്കടി), സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സാന്‍റാമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഗേറ്റ് വേ മലബാര്‍ ഹോളിഡേയ്സ് എന്നിവയാണ് പങ്കെടുത്തത്.
സുസ്ഥിരമായ വളര്‍ച്ചയ്ക്കായി നെറ്റ്വര്‍ക്കിംഗ് നടത്താനും വിജയകരമായ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാനുമുള്ള ആഗോള വേദി കൂടിയാണ് എടിഎം 2026.






