
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും ജൈവവൈവിധ്യവും കോര്‍ത്തിണക്കി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും.
സര്‍ക്കാരിന്റെ മുന്‍ഗണനാ- പദ്ധതികളെക്കുറിച്ച് തിരുവനന്തപുരത്ത് ആരംഭിച്ച ത്രിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് രണ്ട് വ്യത്യസ്ത പദ്ധതികള്‍ക്ക് പകരം ഏകീകൃത ഘടനയുള്ള ഒറ്റ സ്ഥാപനമായി ഇത് നടപ്പിലാക്കാന്‍ ആലോചന ഉയര്‍ന്നത്.
മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍, ലാഭേച്ഛയില്ലാത്ത (നോണ്‍ പ്രോഫിറ്റ്) കമ്പനിയെന്ന നിലയിലുള്ള ഏകീകൃത സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) വഴിയാകും പദ്ധതി നിര്‍വ്വഹണം.
ഉപദേശക സമിതി വഴി പൊതു ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഇരു വിഭാഗങ്ങള്‍ക്കും ഒരു പോലെ ഗുണകരമാണ്. ഓഷ്യനേറിയത്തില്‍ നിന്നുള്ള വരുമാനം മ്യൂസിയത്തിന്റെ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് സാമ്പത്തിക ഘടന വിഭാവനം ചെയ്തിരിക്കുന്നത്.
ഇരു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിരന്തരം നല്‍കേണ്ടി വരുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
ഓഷ്യനേറിയവും മ്യൂസിയവും ഒരു സ്വപ്ന പദ്ധതിയാണെന്നും ഇതിന്റെ സാമ്പത്തിക മാതൃകയ്ക്ക് അന്തിമരൂപം നല്കി പദ്ധതിയുടെ പൂര്‍ണ്ണ ആവശ്യങ്ങള്‍ വ്യക്തമാക്കുന്ന വിശദമായ പദ്ധതി രേഖ (ഡി.പി.ആര്) ഉടന്‍ തയ്യാറാക്കണമെന്നും ചര്‍ച്ചയില്‍ സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കി.
പ്രവാസി മലയാളികളുടെ സഹകരണവും സ്വകാര്യ നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കാവുന്ന സുസ്ഥിര മാതൃകയാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികളും ഉള്‍പ്പെടുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ശക്തമായ ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരാതന മുസിരിസ് തുറമുഖം, കൊല്ലം വഴിയുള്ള വ്യാപാര പാതകള്‍, ബേപ്പൂരിലെ പാരമ്പര്യ ഉരു നിര്‍മ്മാണം മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖം വരെയുള്ള കേരളത്തിന്റെ സുദീര്‍ഘമായ സമുദ്ര ചരിത്രമാണ് പദ്ധതിയുടെ അടിത്തറ.
സംസ്ഥാന ബജറ്റില്‍ മാരിടൈം മ്യൂസിയത്തിനായി ഫണ്ട് വകയിരുത്തിയതിനെത്തുടര്‍ന്ന്, അതേ മേഖലയില്‍ തന്നെ ഓഷ്യനേറിയം കൂടി സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.






