
ന്യൂഡല്‍ഹി: കുറ്റവാളികളെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തട്ടിപ്പ് രജിസ്ട്രിയുണ്ടാക്കുന്നു. ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസങ്ങളും ഫോണ്‍ നമ്പറുകളുമാണ് രജിസ്ട്രിയില്‍ സൂക്ഷിക്കുക. തട്ടിപ്പുകാരുടെ ഐപി വിലാസങ്ങളും ഫോണ്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആര്‍ബിഐയ്ക്ക് കഴിയും.
‘ രജിസ്ട്രി ബാങ്കുകള്‍ക്ക് തട്ടിപ്പ് വിശദാംശങ്ങള്‍ കേന്ദ്രബാങ്കിനെ അറിയിക്കാന്‍ സാധിക്കും,’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു.ആര്‍ബിഐയുടെ വിവിധ വകുപ്പുകളുമായും മറ്റ് പങ്കാളികളുമായും ഇതേക്കുറിച്ച് കൂടിയാലോചിച്ച് വരികയാണെന്നും ശര്‍മ്മ അറിയിക്കുന്നു. ആര്‍ബിഐ ഓംബുഡ്‌സ്മാന്‍ സ്‌കീമുകള്‍ക്ക് കീഴില്‍, 2021-22ല്‍
4.18 ലക്ഷം പരാതികളാണ് ലഭിച്ചത്.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.4 ശതമാനം വര്‍ധനവാണിത്. പരാതികളില്‍ 40 ശതമാനത്തിലധികം ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍- ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവങ്ങള്‍ 10 ശതമാനം വരും.
2021 നവംബറില്‍, ആര്‍ബിഐ അതിന്റെ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കിയിരുന്നു. ‘ഒരു രാജ്യം ഒരു ഓംബുഡ്‌സ്മാന്‍’ സമീപനത്തിന് കീഴില്‍ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം അവതരിപ്പിക്കാനും കേന്ദ്രബാങ്കിനായി. ഇത് പ്രകാരം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ കമ്പനികള്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുമായി മൂന്ന് സ്‌ക്കീമുകളാണുള്ളത്.