
ന്യൂഡൽഹി: ഇന്ത്യയുടെ നേരിട്ടുള്ള നികുതി പിരിവില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.12 ശതമാനം വളര്‍ച്ചയോടെ 23.40 ട്രില്യണ്‍ രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. മുന്‍ വര്‍ഷം ഇത് 22.26 ട്രില്യണ്‍ രൂപ ആയിരുന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ പുതുക്കിയ ബജറ്റ് ലക്ഷ്യമായ 24.21 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടാന്‍ സര്‍ക്കാരിന് സാധിച്ചില്ല.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 10.99 ലക്ഷം കോടിയും വ്യക്തിഗത ആദായ നികുതിയിനത്തില്‍ 12.41 ട്രില്യണുമാണ് ശേഖരിക്കാനായത്.
വ്യക്തിഗത ആദായ നികുതിയില്‍ 13.12 ലക്ഷം കോടി രൂപയായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ലക്ഷ്യത്തേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ലഭിച്ചത്. അതേസമയം, റീഫണ്ട് വിതരണത്തില്‍ 1.09 ശതമാനത്തിന്റെ കുറവുണ്ടായി എന്നത് സര്‍ക്കാരിന് ആശ്വാസമായി. ഏകദേശം 4.71 ട്രില്യണ്‍ രൂപയാണ് ഇത്തവണ റീഫണ്ടായി നല്‍കിയത്.
അടുത്തിടെ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് ഏകദേശം 28.12 ലക്ഷം കോടിയായി, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4.03 ശതമാനം വര്‍ധന. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും നികുതി ഘടനയിലെ പരിഷ്‌കരണങ്ങളും പിരിവിനെ സ്വാധീനിച്ചിട്ടുണ്ട്.
നികുതി പിരിവില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനായെങ്കിലും, നിശ്ചയിച്ച ലക്ഷ്യത്തിലെത്താന്‍ കഴിയാത്തത് വരും വര്‍ഷങ്ങളിലെ സാമ്പത്തിക ആസൂത്രണങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കും.






