തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും രൂപയ്‌ക്ക്‌ റെക്കോഡ്‌ തകര്‍ച്ച

മുംബൈ: ഡോളറിനെതിരെ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും രൂപ റെക്കോഡ്‌ തകര്‍ച്ച നേരിട്ടു. യുഎസും ഇറാനും തമ്മില്‍ രമ്യതയിലെത്താനുള്ള സാധ്യത മങ്ങിയതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതാണ്‌ രൂപയുടെ മൂല്യതകര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടുന്നത്‌. 95.39ലേക്കാണ്‌ ഇന്നലെ ഡോളറിന്റെ മൂല്യം ഇടിഞ്ഞത്‌. തിങ്കളാഴ്ച്ച 95.33 എന്ന റെക്കോഡ്‌ കുറിച്ചതിനു ശേഷമാണ്‌ തുടര്‍ച്ചയായ ഈ തകര്‍ച്ച.

ക്രൂഡ്‌ ഓയില്‍ വില ഉയരുന്നത്‌ കൂടുതല്‍ ഡോളര്‍ വാങ്ങുന്നതിനും അതുവഴി രൂപയുടെ മൂല്യതകര്‍ച്ചയ്‌ക്കും വഴിവെക്കുന്ന ഘടകമാണ്‌. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിതരണ പ്രതിസന്ധികളിലൊന്നാണ്‌ ഇപ്പോള്‍ ലോകം നേരിടുന്നത്‌.

രൂപയുടെ മൂല്യതകര്‍ച്ച നേരിടാന്‍ ആര്‍ബിഐ വിപണിയില്‍ ഡോളര്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും അത്‌ ഫലം കാണുന്നില്ല. വില്‍പ്പനയെ തുടര്‍ന്ന്‌ ഇന്ത്യയുടെ ഡോളര്‍ കരുതല്‍ ശേഖരത്തില്‍ ഗണ്യമായ ഇടിവാണ്‌ ഉണ്ടായത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുന്നതും രൂപയെ തളര്‍ത്തുന്ന ഘടകമാണ്‌. മാര്‍ച്ച്‌ മുതല്‍ ഏകദേശം 2000 കോടി ഡോളറാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക്‌ തുടര്‍ന്നാല്‍ രൂപയുടെ മൂല്യത്തിലുള്ള കരകയറ്റം ദുഷ്‌കരമാകും. ക്രൂഡ്‌ ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ്‌ കുത്തനെ ഉയരുകയാണ്‌.

ആവശ്യമായ ക്രൂഡ്‌ ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്‌. ക്രൂഡ്‌ ഓയില്‍ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചെലവിടേണ്ടി വരുന്നത്‌ രൂപയെ തളര്‍ത്തും. ഇന്ധന വില വര്‍ധന ഒരു പരിധി കടന്നാല്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ആഘാതമുണ്ടാക്കും.

X
Top