
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നിര്‍മ്മാണ മേഖല ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ് നടത്തി. മാര്‍ച്ചില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഉല്‍പ്പാദന വളര്‍ച്ച, ഏപ്രിലില്‍ കയറ്റുമതിയിലുണ്ടായ വര്‍ധനയോടെയാണ് ഉണര്‍വ് പ്രകടിപ്പിച്ചത്. എസ് ആന്‍ഡ് പി ഗ്ലോബല്‍ പുറത്തുവിട്ട എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പിഎംഐ) മാര്‍ച്ചിലെ 53.9-ല്‍ നിന്ന് ഏപ്രിലില്‍ 54.7 ആയി ഉയര്‍ന്നു.
തുടര്‍ച്ചയായ 54-ാം മാസവും സൂചിക 50-ന് മുകളില്‍ തുടരുന്നത് എന്നത് ഇന്ത്യന്‍ വിപണിയുടെ പ്രതിരോധശേഷി വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഉല്‍പ്പാദന മേഖലയിലെ ഈ ഉണര്‍വ് രാജ്യത്തെ തൊഴിലവസരങ്ങളിലും പ്രതിഫലിച്ചു.
കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ശക്തമായ തൊഴില്‍ വളര്‍ച്ചയാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്.
എങ്കിലും, പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പണപ്പെരുപ്പത്തിന്റെ രൂപത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അലുമിനിയം, ഇന്ധനം, കെമിക്കല്‍സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതോടെ 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉൽപാദന ചെലവാണ് കമ്പനികള്‍ നേരിടുന്നത്. ഇതിന്റെ ഫലമായി ഉല്‍പ്പന്നങ്ങളുടെ വില ആറ് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ വര്‍ധിക്കുകയും ചെയ്തു. പുതിയ ഓര്‍ഡറുകളും ഉല്‍പ്പാദനവും വര്‍ധിച്ചുവെങ്കിലും, കഴിഞ്ഞ മാസം പ്രതീക്ഷിച്ച ഫ്‌ലാഷ് പിഎംഐ (55.9) കണക്കുകളേക്കാള്‍ അല്പം പിന്നിലായി.
ഭാവി പദ്ധതികളുടെ ഭാഗമായി കമ്പനികള്‍ നിയമനം വര്‍ധിപ്പിക്കുന്നത് ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ വിലക്കയറ്റം നിലനില്‍ക്കുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ സംഭരണം തുടരുന്നത് വ്യവസായ ലോകം ശുഭപ്രതീക്ഷയിലാണെന്നതിന് തെളിവാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ അയയുന്നതോടെ വരും മാസങ്ങളില്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.






