ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റിസർവ് ബാങ്ക് ധനനയം 30ന്

കൊച്ചി: റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തികവർഷത്തെ നാലാം ദ്വൈമാസ ധനനയം ഈമാസം 30ന് പ്രഖ്യാപിക്കാനിരിക്കേ, സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് മുഖ്യ പലിശനിരക്കിൽ 0.20 ശതമാനം മുതൽ 0.50 ശതമാനം വരെ വർദ്ധന. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയസമിതിയുടെ (എംപിസി) ത്രിദിനയോഗം 28ന് ആരംഭിക്കും. 30ന് രാവിലെ ധനനയം പ്രഖ്യാപിക്കും.

പലിശഭാരം വീണ്ടുംകൂട്ടാൻ റിസർവ് ബാങ്കിനെ നിർബന്ധിതരാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ റിസർവ് ബാങ്ക് പ്രധാനമായും ഉറ്റുനോക്കുന്നത് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പമാണ്.

ഇത് നാല് ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. എങ്കിലും, ആറുശതമാനം വരെയായാലും പ്രതിസന്ധിയില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, 2022ൽ ഇതുവരെ റീട്ടെയിൽ നാണയപ്പെരുപ്പം 6 ശതമാനത്തിന് മേലെയാണുള്ളത്.

ഏപ്രിലിലെ 7.79 ശതമാനത്തിൽ നിന്ന് ജൂലായിൽ 6.71 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും ആഗസ്‌റ്റിൽ വീണ്ടും ഏഴ് ശതമാനത്തിലെത്തി. ഈ സാഹചര്യത്തിൽ ഇത്തവണത്തെ യോഗത്തിലും പലിശനിരക്ക് കൂട്ടാനാണ് സാദ്ധ്യത.

എന്തുകൊണ്ട് പലിശ കൂടാം?

റീട്ടെയിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ ആറ് ശതമാനത്തിനുമേൽ തുടരുന്നു. ആഗസ്‌റ്റിൽ ഇത് ഏഴ് ശതമാനമാണ്.

ആഗോളതലത്തിൽ തന്നെ വലിയ പ്രതിസന്ധിയായി നാണയപ്പെരുപ്പം മാറുന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, ബ്രിട്ടീഷ് കേന്ദ്രബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടങ്ങിയവയും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടി; റിസർവ് ബാങ്കും സമാനപാത പിന്തുടരാം.

വിദേശ നിക്ഷേപം ആകർഷിക്കാനും രൂപയുടെ മൂല്യത്തകർച്ച തടയാനും പലിശനിരക്ക് വർദ്ധന അനിവാര്യം.

പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകൾ വഴി പൊതുവിപണിയിലെത്തുന്ന പണലഭ്യത കുറയും; ഇത് നാണയപ്പെരുപ്പം താഴാൻ സഹായിക്കും.

എങ്ങനെ ബാധിക്കും?

 റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കൂട്ടിയാൽ ആനുപാതികമായി ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശയും കൂട്ടും. ഇത് വായ്‌പാ ഇടപാടുകാരുടെ ഇ.എം.ഐ ഭാരം കൂടാനിടയാക്കും.

 വായ്‌പാപ്പലിശയ്ക്കൊപ്പം ബാങ്കുകൾ നിക്ഷേപപലിശയും ഉയർത്തും. സ്ഥിരനിക്ഷേപത്തെ (എഫ്.ഡി) ആശ്രയിക്കുന്നവർക്ക് ഇത് നേട്ടമാണ്.

നിലവിലെ നിരക്കുകൾ

 റിപ്പോ നിരക്ക് : 5.40%
 എസ്.ഡി.എഫ് റേറ്റ് : 5.15%
 എം.എസ്.എഫ് : 5.65%
 സി.ആർ.ആർ : 4.50%
 എസ്.എൽ.ആർ : 18.00%

കൊവിഡ് കാലത്തുടനീളം റിസർവ് ബാങ്ക് റിപ്പോനിരക്ക് റെക്കാഡ് താഴ്ചയായ 4 ശതമാനത്തിൽ നിലനിറുത്തിയിരുന്നു. തുടർന്ന്, ഇക്കഴിഞ്ഞ മേയിൽ അസാധാരണയോഗം ചേർന്ന് റിപ്പോനിരക്ക് 0.40 ശതമാനം കൂട്ടി. ജൂണിലെയും ആഗസ്‌റ്റിലെയും യോഗങ്ങളിൽ കൂട്ടിയത് 0.50 ശതമാനം വീതം. ഇതോടെ റിപ്പോ 5.40 ശതമാനത്തിലെത്തി.

X
Top