ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഫിച്ച് റേറ്റിങ് കുറച്ചതോടെ കേരളത്തിന്റെ കടപ്പത്രങ്ങൾക്കു പലിശ കൂടും

കൊച്ചി: രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് കുറച്ചതോടെ സംസ്ഥാനത്തിന്റെ കടപ്പത്രങ്ങൾക്കു പലിശ കൂടും.

നിലവിൽ സാമ്പത്തിക സ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾ കൂടിയ പലിശയ്ക്കു മാത്രം ഏറ്റെടുക്കുന്ന അവസ്ഥ കേരളത്തിനും വന്നേക്കും.

ഫിച്ച് റേറ്റിങ് ഏജൻസി കേരളത്തിനും കിഫ്ബിക്കും നേരത്തേ ‘ബി ബി സ്റ്റേബിൾ’ റേറ്റിങ്ങാണു നൽകിയിരുന്നത്. കേരളം മസാല ബോണ്ട് രാജ്യാന്തര വിപണിയിൽ വിറ്റപ്പോൾ ഈ റേറ്റിങ് സഹായകമായി. കഴി‍ഞ്ഞ ഏഴിന് കേരളത്തിന്റെ റേറ്റിങ്ങും 17ന് കിഫ്ബിയുടെ റേറ്റിങ്ങും ‘ബി ബി നെഗറ്റീവാ’യി താഴ്ത്തി.

സംസ്ഥാന ആഭ്യന്തര വരുമാനത്തെ അപേക്ഷിച്ച് (ജിഎസ്ഡിപി) സഞ്ചിതകടം അമിതമായതാണ് റേറ്റിങ് കുറയ്ക്കാൻ കാരണം. വായ്പാ തിരിച്ചടവുശേഷി കുറഞ്ഞതായി കണക്കാക്കുന്നു.

സംസ്ഥാനം കടപ്പത്രം വിപണിയിൽ വിൽക്കാനെത്തുമ്പോൾ, വാങ്ങുന്ന ബാങ്കുകൾ ഈ റേറ്റിങ് കൂടി പരിഗണിച്ചാൽ പലിശ നിരക്ക് കൂടുമെന്നു വിദഗ്ധർ വിലയിരുത്തുന്നു.

പത്ത് വർഷം കൊണ്ടു തിരിച്ചടവ് നടത്തേണ്ട കടപ്പത്രങ്ങൾക്ക് നിലവിൽ കേന്ദ്ര സർക്കാർ നൽകേണ്ട പലിശ ഇപ്പോൾ 7.4 ശതമാനമാണ്. അതിനേക്കാൾ 30–40 അടിസ്ഥാന പോയിന്റ് കൂട്ടി ഏകദേശം 7.75 ശതമാനത്തിനാണ് സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾക്ക് പലിശ നൽകേണ്ടത്.

പക്ഷേ വായ്പാ തിരിച്ചടവു ശേഷി കുറഞ്ഞ സംസ്ഥാനങ്ങൾ ഈ നിരക്കിലും കൂടുതൽ നൽകണം. 0.2% മുതൽ 0.5% വരെയാണ് അധികം നൽകേണ്ടി വരിക. അങ്ങനെയെങ്കിൽ മറ്റു സംസ്ഥാനങ്ങൾ 7.75% പലിശ നൽകേണ്ടപ്പോൾ കേരളം 7.95% മുതൽ 8.25% വരെ നൽകേണ്ടി വരും.

സമ്പദ് വ്യവസ്ഥയെ തകർച്ചയിലെത്തിച്ചതിനു പിഴ കൊടുക്കേണ്ടി വരുന്ന പോലെയാകും ഈ അധിക നിരക്ക്!

പക്ഷേ പലിശ കൂടിയാലും കടപ്പത്ര വിൽപ്പനയെ ബാധിക്കില്ലെന്ന് ബാങ്കിങ് വൃത്തങ്ങൾ പറയുന്നു.
വികസന ആവശ്യങ്ങൾക്കെന്ന പേരിൽ കേരളം പൊതുവിപണിയിൽ കടപ്പത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെൻഷനും മറ്റുമായിട്ടാണു ചെലവാകുന്നതെന്നത് പരസ്യമാണ്.

കേരളത്തിന്റെ സഞ്ചിതകടം ഇപ്പോൾ 3.32 ലക്ഷം കോടിയിലേറെയാണ്. ആഭ്യന്തര വരുമാനം ഏകദേശം 9 ലക്ഷം കോടി. ആഭ്യന്തര വരുമാനത്തിന്റെ 36% വരെ സഞ്ചിതകടം എത്തിയ അപകടകരമായ അവസ്ഥയിലാണു കേരളം.

X
Top