
- ഫാമുകളും ഹോട്ടലുകളും പ്രതിസന്ധിയില്‍
ഇടുക്കി: സംസ്ഥാനത്ത് കോഴിയിറച്ചി വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. കനത്ത ചൂടും ഉൽപ്പാദന മേഖലയിലുണ്ടായ വൻ തകർച്ചയും വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ സാധാരണക്കാരുടെ കുടുംബ ബജറ്റും ഹോട്ടൽ മേഖലയും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വിപണിയിലെ കണക്കുകൾ പ്രകാരം ഒരാഴ്‌ചയ്ക്കിടെ മാത്രം കിലോയ്ക്ക് 40 മുതൽ 50 രൂപയുടെ വരെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ ഭൂരിഭാഗം നഗരങ്ങളിലും ചില്ലറ വിൽപ്പന വില 175 രൂപയും കടന്ന് മുന്നേറുകയാണ്. ഹൈറേഞ്ച് മേഖലയിൽ നിലവിൽ 164 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
വില്ലനായത് കടുത്ത ചൂടും ജലക്ഷാമവും
ഫാമുകൾ പ്രതിസന്ധിയിൽ ഇറച്ചിക്കോഴിയുടെ ലഭ്യതയിലുണ്ടായ വൻ ഇടിവാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലും അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും അനുഭവപ്പെട്ട അസഹനീയമായ ചൂടും കടുത്ത ജലക്ഷാമവും കോഴി ഫാമുകളെ ചില്ലറയൊന്നുമല്ല ബാധിച്ചത്.
കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നു
ഉയർന്ന താപനില താങ്ങാനാവാതെ ഫാമുകളിൽ വലിയ തോതിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങി. ഇത് പുതിയ ബാച്ചുകളുടെ ഉൽപ്പാദനത്തെ പൂർണമായി തകിടം മറിച്ചു. അമിതമായ ചൂട് താങ്ങാനാവാതെ ലക്ഷക്കണക്കിന് കോഴികളാണ് ഫാമുകളിൽ ചത്തുപോയത്. ചൂട് കാരണം കോഴികൾ തീറ്റയെടുക്കുന്നത് കുറഞ്ഞതോടെ അവയ്ക്ക് ആവശ്യത്തിന് തൂക്കം വയ്‌ക്കാത്ത അവസ്ഥയുണ്ടായി.
തമിഴ്‌നാട് ലോബി
ഉൽപ്പാദനം പ്രതിസന്ധിയിലായതോടെ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള കോഴിയുടെ വരവ് ഗണ്യമായി കുറഞ്ഞതായി കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി ഇടുക്കി ജില്ലാ പ്രസിഡൻ്റ് സോമൻ വ്യക്തമാക്കി. “ഈ അവധിക്കാലത്ത് ചൂട് വര്‍ധിച്ചത് ഫാമിനെ വലിയ രീതിയില്‍ ബാധിച്ചു.
ഡീസല്‍, പെട്രോള്‍ വില വര്‍ധിച്ചതോടെ വളര്‍ത്തുചെലവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, മഴ തുടര്‍ന്നാല്‍ ചിക്കൻ വില കുറയാൻ സാധ്യതയുണ്ട്” എന്ന് സോമൻ പ്രതികരിച്ചു. ഡിമാൻഡിനനുസരിച്ച് കോഴി എത്താതായതോടെ വിപണിയിൽ പൂഴ്ത്തിവെപ്പും വില കൃത്രിമത്വവും നടക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
കച്ചവടം ഇടിഞ്ഞു ഹോട്ടലുകളും സാധാരണക്കാരും വലയുന്നു
വില കുതിച്ചുയർന്നതോടെ ചെറുകിട വിൽപ്പനശാലകളിൽ കോഴിയിറച്ചിയുടെ വിപണനം പകുതിയോളമായി ഇടിഞ്ഞിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ ചിക്കൻ വിലയും കൂടിയത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് കനത്ത പ്രഹരമായി മാറി. ഞായറാഴ്‌ചകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്ന ചിക്കൻ സ്റ്റാളുകളിൽ ഇപ്പോൾ ആളൊഴിഞ്ഞ അവസ്ഥയാണ്.
ഉയർന്ന വിലയ്ക്ക് കോഴി വാങ്ങി പഴയ നിരക്കിൽ ചിക്കൻ വിഭവങ്ങൾ വിളമ്പേണ്ടി വരുന്നത് ഹോട്ടൽ ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. പ്രതിസന്ധി നീണ്ടുപോയാൽ വിഭവങ്ങളുടെ വില കൂട്ടുകയോ മെനുവിൽ നിന്ന് ചിക്കൻ താൽക്കാലികമായി ഒഴിവാക്കുകയോ ചെയ്യേണ്ടി വരും എന്ന ആശങ്കയിലാണ് ഹോട്ടൽ വ്യാപാരികൾ.
കല്ല്യാണ-ഉത്സവ സീസണായതിനാൽ കാറ്ററിങ് മേഖലയെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മഴ കനിഞ്ഞാൽ വില കുറയുമോ? പ്രതീക്ഷയോടെ വിപണി
നിലവിലെ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നാണ് വിപണിയിലെ പ്രമുഖർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തും തമിഴ്‌നാട്ടിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
താപനില കുറയുന്നതോടെ ഫാമുകളിൽ പുതിയ ബാച്ചുകൾ ഇറക്കാനും കോഴികളുടെ മരണനിരക്ക് കുറയ്ക്കാനും സാധിക്കും. ജൂൺ പകുതിയോടെ വിപണിയിൽ ചിക്കൻ ലഭ്യത വർധിക്കുമെന്നും, ഇതോടെ വില വലിയ തോതിൽ താഴേക്ക് വരുമെന്നുമാണ് വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ കണക്കുകൂട്ടുന്നത്.
എന്നാൽ അതുവരെ ഉപഭോക്താക്കൾക്ക് കൈപൊള്ളുന്ന വില നൽകേണ്ടി വരും.






