
സിലിക്കൺവാലി: ആഗോള സാങ്കേതിക ഭീമനായ ഗൂഗിൾ ജീവനക്കാർക്കായുള്ള സ്വയം വിരമിക്കൽ പാക്കേജ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളിലെ ജീവനക്കാരെക്കൂടിയാണ് പദ്ധതിയുടെ പുതിയ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിർമ്മിതബുദ്ധി മേഖലയിലെ അടിസ്ഥാന നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനച്ചെലവുകൾ കർശനമായി ചുരുക്കുന്നതിനുമാണ് ആൽഫബെറ്റ് ഈ പുതിയ നയം നടപ്പിലാക്കുന്നത്.
സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം എന്ന കണക്കിൽ പരമാവധി 12 മാസത്തെ ശമ്പളം വരെ എക്സിറ്റ് പാക്കേജായി നൽകുന്നുണ്ട്. എന്നാൽ ഗൂഗിളിന്റെ എ.ഐ ഗവേഷണ വിഭാഗമായ ‘ഡീപ് മൈൻഡ്’, ‘ഗൂഗിൾ ക്ലൗഡ്’ എന്നീ പ്രമുഖ ടീമുകളെ ഈ സന്നദ്ധ വിരമിക്കൽ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എ.ഐ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി കൂടുതൽ ജീവനക്കാരെ ആവശ്യമുള്ള മേഖലകളായതിനാലാണ് ഇവരെ ഒഴിവാക്കിയത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള പ്രമുഖ എഞ്ചിനീയറിംഗ് കേന്ദ്രത്തിലടക്കം ഇതിനകം തന്നെ ജീവനക്കാർ ഈ ഓഫർ സ്വീകരിച്ച് കമ്പനി വിട്ടുതുടങ്ങിയിട്ടുണ്ട്.
ഗൂഗിളിന് പുറമെ മറ്റൊരു പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റും അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടൻ എന്നിവിടങ്ങളിലെ ഏകദേശം 60,000 ജീവനക്കാരെ ഉൾപ്പെടുത്തി സമാനമായ വിരമിക്കൽ പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തി മുന്നേറാൻ വലിയ തുക നിക്ഷേപിക്കേണ്ടി വരുന്നതിനാലാണ് ആഗോള ടെക് കമ്പനികൾ തങ്ങളുടെ പരമ്പരാഗത മേഖലകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി ഇത്തരത്തിൽ ഘടന മാറ്റത്തിന് തുനിയുന്നത്.






