Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

വിഡിയോകോൺ മേധാവി വേണുഗോപാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ചു

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ വിഡിയോകോൺ ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർ വേണുഗോപാൽ നന്ദ്‍ലാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ച് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച്. 12,668.06 കോടി രൂപയുടെ വായ്പാ കുടിശിക ചൂണ്ടിക്കാട്ടി എസ്ബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി.

വേണുഗോപാൽ ധൂത് സമർപ്പിച്ച വായ്പാത്തിരിച്ചടവ് പ്ലാൻ എസ്ബിഐയും മറ്റ് വായ്പാദാതാക്കളും നേരത്തേ തള്ളിയിരുന്നു. തുടർന്ന്, ബാങ്ക് എൻസിഎൽടിയെ സമീപിക്കുകയുമായിരുന്നു. വേണുഗോപാൽ ധൂതിന്റെ ആസ്തികൾ കൈകാര്യം ചെയ്യാനായി ബാങ്ക്റപ്റ്റ്സി ട്രസ്റ്റീയായി ആശിഷ് നാരായണിനെ എൻസിഎൽടി നിയോഗിച്ചിട്ടുണ്ട്.

തന്റെ സ്വത്തുവിവരങ്ങൾ 7 ദിവസത്തിനകം വെളിപ്പെടുത്തണമെന്ന് വേണുഗോപാലിനോടും ബെഞ്ച് നിർ‌ദേശിച്ചു.

വിഡിയോകോൺ തിരിച്ചടയ്ക്കേണ്ട വായ്പകളുടെ പൂർണവിവരങ്ങൾ ബാങ്കുകളിൽ നിന്ന് തേടാനും 90 ദിവസത്തിനകം ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ആശിഷ് നാരായണിനോട് ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

വേണുഗോപാൽ ധൂതിന്റെ സ്വത്തുക്കൾ ഇനി ബാങ്ക്റപ്റ്റ്സി ട്രസ്റ്റീയായിരിക്കും കൈകാര്യം ചെയ്യുക. ലേലനടപടികളിലൂടെ ബാങ്കുകൾക്കുള്ള ബാധ്യത വീട്ടാനുള്ള നടപടിയും ബാങ്ക്റപ്റ്റ്സി ട്രസ്റ്റീ സ്വീകരിക്കും.

വിഡിയോകോൺ ഇൻഡസ്ട്രീസ്, വിഡിയോകോൺ ടെലികമ്യൂണിക്കേഷൻസ് എന്നിവ എടുത്ത വായ്പകൾക്ക് വേണുഗോപാൽ ധൂത് വ്യക്തിഗത ജാമ്യം നിന്നിരുന്നു. ഈ വായ്പകൾ കുടിശികയായതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ എസ്ബിഐ പാപ്പരത്ത നടപടിയിലേക്ക് കടന്നത്.

സിലിഗുഡിയിലെ റിയൽ-എസ്റ്റേറ്റ് പദ്ധതിയിൽ നിന്നുള്ള വരുമാനംകൊണ്ട് 36 മാസത്തിനകം 600 കോടി രൂപ തിരിച്ചടയ്ക്കാമെന്ന പ്ലാൻ ആയിരുന്നു വേണുഗോപാൽ ധൂത് മുന്നോട്ടുവച്ചിരുന്നത്. ഇതു ബാങ്ക് തള്ളി. സിലിഗുഡി പദ്ധതിയുടെ പ്രവർത്തനവിജയം, നിയമാനുസൃത അനുമതികൾ, ഭാവി എന്നിവ സംബന്ധിച്ച് ബാങ്കിന് ആശങ്കകളുണ്ടായിരുന്നു.

വിഡിയോകോണിന്റെ വീഴ്ച, ധൂതിന്റെയും
ഒരുകാലത്ത് ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായിരുന്നു വിഡിയോകോൺ. ടിവി, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ എന്നിവയിൽ ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റിയ പേരുമായിരുന്നു. പിന്നീട് വിഡിയോൺ ടെലികോം സേവനം, ഓയിൽ ആൻഡ് ഗ്യാസ്, ഡി2എച്ച് ബിസിനസ്സിലേക്കും കടന്നു. ഇതെല്ലാം പക്ഷേ വലിയതോതിൽ കടംവാങ്ങിക്കൊണ്ടായിരുന്നു.

2012ൽ സുപ്രീംകോടതി 122 ടെലികോം ലൈസൻസുകൾ റദ്ദാക്കിയതിന് പിന്നാലെ വിഡിയോകോണിന്റെ ടെലികോം ബിസിനസ് കനത്ത തിരിച്ചടി നേരിട്ടു. ആഗോള ബ്രാൻഡുകളിൽ നിന്നുള്ള കനത്ത മത്സരം കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും കമ്പനിയുടെ താളംതെറ്റിച്ചു.

2017ൽ പാപ്പരത്ത നടപടികൾക്കായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച 12 കോർപറേറ്റ് വായ്പാ കുടിശികക്കാരിൽ ഒന്ന് വിഡിയോകോൺ ആയിരുന്നു.

X
Top