പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

പുതുവൈപ്പ് എൽപിജി ടെർമിനൽ യാഥാർഥ്യമാകുന്നു

കൊച്ചി: കേരളത്തിലെ ആദ്യ പാചകവാതക (എൽപിജി) ഇറക്കുമതി ടെർമിനൽ പുതുവൈപ്പിൽ യാഥാർഥ്യമാകുന്നു.

ഒന്നര പതിറ്റാണ്ടു കാലം നീണ്ട കടുത്ത എതിർപ്പുകളുടെയും പദ്ധതി സ്തംഭനത്തിന്റെയും നാൾവഴികൾ പിന്നിട്ടാണ് സംസ്ഥാനത്തെ പ്രധാന പദ്ധതികളിലൊന്ന് പൂർത്തിയാകുന്നത്.

പരീക്ഷണാർഥം ആദ്യ എൽപിജി കപ്പൽ ഉടൻ ടെർമിനൽ ജെട്ടിയിൽ എത്തുമെന്നാണു വിവരം. 700 കോടിയിലേറെ രൂപ ചെലവിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) സ്ഥാപിക്കുന്ന ടെർമിനൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞു, നടക്കുന്നത് അവസാന ഘട്ട പരിശോധനകൾ.

പുതുവൈപ്പിൽ ടെർമിനൽ സജ്ജമാകുന്നതോടെ കേരളത്തിൽ എൽപിജി ലഭ്യത എളുപ്പമാകുമെന്നാണ് കരുതപ്പെടുന്നത്.

2007ൽ അനുമതി ലഭിച്ച പദ്ധതി 2012ൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും പല കാരണങ്ങളാലും വൈകുകയായിരുന്നു. എൽപിജിയുമായി എത്തുന്ന കപ്പലുകൾ അടുക്കുന്നതിനുള്ള ജെട്ടി 270 കോടി രൂപ ചെലവിട്ടു 2018ൽ തന്നെ പൂർത്തിയാക്കിയിരുന്നു.

വാതക സംഭരണ ടാങ്കുകളുടെ നിർമാണം ആരംഭിച്ചതിനു ശേഷമാണു പ്രാദേശികമായി കടുത്ത എതിർപ്പും സംഘർഷവുമുണ്ടായത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം 2017 ഫെബ്രുവരിയിൽ ടെർമിനൽ നിർമാണം നിർത്തിവച്ചു.

2 വർഷത്തിലേറെ നിർമാണം സ്തംഭിച്ചെങ്കിലും പിന്നീടു ജീവൻ വച്ചു. പദ്ധതി കേരളത്തിനു നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയിൽ നിന്നാണു വിജയകരമായി പൂർത്തിയാക്കുന്നത്.

രാജ്യത്ത് എൽപിജി ഉൽപാദനം ചെലവേറിയതായതിനാൽ ഇറക്കുമതിയാണു ലാഭകരം. രാജ്യത്തെ പാചകവാതക ഉപയോഗമാകട്ടെ, അനുദിനം വർധിക്കുകയാണ്. കേരളത്തിൽ മാത്രം 10 ലക്ഷം ടണ്ണിലേറെയാണു വാർഷിക ഉപയോഗം.

നിലവിൽ, മംഗളൂരുവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഇറക്കുമതി ടെർമിനലിൽ നിന്നാണു കേരളത്തിലെ വിവിധ എൽപിജി ബോട്ടിലിങ് പ്ലാന്റുകളിലേക്കു റോഡ് മാർഗം വാതകം എത്തുന്നത്.

എൽപിജി നീക്കത്തിനായി പ്രതിവർഷം 500 കോടിയിലേറെ രൂപയാണു ബുള്ളറ്റ് ടാങ്കർ ലോറികൾക്കായി കമ്പനികൾ ചെലവിടുന്നത്. ആ തുക ഇനി കമ്പനികൾക്കു ലാഭിക്കാനാകും.

മാത്രമല്ല, പുതുവൈപ്പിൽ ടെർമിനൽ വരുമ്പോൾ, മംഗളൂരുവിൽ നിന്നു വാതകവുമായി എത്തുന്ന വമ്പൻ ബുള്ളറ്റ് ടാങ്കർ ലോറികളെ ഒഴിവാക്കുന്നതിലൂടെ, അപകടങ്ങളും അന്തരീക്ഷ മലിനീകരണവും ഇല്ലാതാകും എന്ന ഗുണവുമുണ്ട്.

X
Top