അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ₹1,873.89 കോടിയുടെ നഷ്ടം

തിരുവനന്തപുരം: കേരളത്തിലെ 66 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,873.89 കോടി രൂപയുടെ നഷ്ടത്തിലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി ആന്‍ഡ് എ.ജി.) ഓഡിറ്റ് റിപ്പോര്‍ട്ട്.

തൊട്ടുമുന്‍വര്‍ഷം 4,065 കോടി രൂപയായിരുന്നു മൊത്ത നഷ്ടം. 58 സ്ഥാപനങ്ങള്‍ 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 1,368.72 കോടി രൂപയുടെ ലാഭമുണ്ടാക്കി. തൊട്ടുമുന്‍വര്‍ഷം 654 കോടി രൂപയായിരുന്നു ലാഭം. ഇരട്ടി വര്‍ധന.

നാലെണ്ണം ലാഭത്തിലോ നഷ്ടത്തിലോ അല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 87 ശതമാനവും കൃത്യ സമയത്ത് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന ഗുരുതര കണ്ടെത്തലും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയത് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡാണ്(കെ.എസ്.ഇ.ബി). 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 736.27 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പലിശ, നികുതി എന്നിവക്ക് ശേഷമുള്ള മൊത്ത ലാഭം.

കേരളത്തിലെ 58 പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തത്തില്‍ നേടിയ ലാഭത്തിന്റെ പകുതിയില്‍ കൂടുതലും (53.79 ശതമാനം) വൈദ്യതി ബോര്‍ഡിന്റെ വക. തൊട്ടുമുന്‍വര്‍ഷം 1,822 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്.

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡാണ്(കെ.എസ്.എഫ്.ഇ) ലാഭത്തിലെ രണ്ടാമന്‍. 105.49 കോടി രൂപയാണ് കെ.എസ്.എഫ്.ഇയുടെ ലാഭം. 100 കോടിക്ക് മുകളില്‍ ലാഭമുണ്ടാക്കിയ രണ്ട് കമ്പനികള്‍ കെ.എസ്.ഇ.ബിയും കെ.എസ്.എഫ്.ഇയും മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍വര്‍ഷങ്ങളില്‍ നഷ്ടത്തിലായിരുന്ന ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, കെ.എസ്.ഇ.ബി, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ഇക്കുറി ലാഭത്തിലായെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

1,873.89 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതില്‍ സിംഹഭാഗവും രണ്ട് സ്ഥാപനങ്ങളുടെ സംഭാവനയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി 1,007.18 കോടി രൂപയും കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡ് 106.81 കോടി രൂപയും നഷ്ടമുണ്ടാക്കി.

കെ.എസ്.ആര്‍.ടി.സിയുടെ 2015-16 വര്‍ഷത്തെയും സപ്ലൈക്കോയുടെ 2017-18 വര്‍ഷത്തെയും കണക്കുകളാണ് പരിശോധിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ 2016-17 സാമ്പത്തിക വര്‍ഷം മുതലുളള ഓഡിറ്റിംഗ് ബാക്കിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2023 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 149 പൊതുമേഖലാ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 130 എണ്ണം സര്‍ക്കാര്‍ കമ്പനികളും 15 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും 4 എണ്ണം സ്റ്റാറ്റിയൂട്ടറി കോര്‍പറേഷനുകളുമാണ്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന 131 സ്ഥാപനങ്ങളിലെ കേരള സര്‍ക്കാരിന്റെ നിക്ഷേപം 22,318.09 കോടി രൂപയാണ്. 2022 മാര്‍ച്ചിലെ കണക്ക് പ്രകാരം ഇത് 20,349 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 56 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 12,302 കോടി രൂപയുടെ വായ്പ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മുന്‍വര്‍ഷം 10,621 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വായ്പ. 2022-23 കാലയളവില്‍ 25 സ്ഥാപനങ്ങള്‍ക്കായി 1,696 കോടി രൂപയുടെ വായ്പ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ തുടരുന്നു.

X
Top