
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യ്ക്ക് തലവേദനയായ എൻ.ടി.പി.സി.യുടെ കായംകുളം താപനിലയം വിലയ്ക്കുവാങ്ങാനും അവിടെ ചെറുമോഡുലാർ ആണവനിലയം സ്ഥാപിക്കാനുള്ള സാധ്യത തേടണമെന്നും കെ.എസ്.ഇ.ബി.യോട് സർക്കാർ. വൈദ്യുതി വാങ്ങാതെതന്നെ താപനിലയവുമായുള്ള കരാർ നിരന്തരം പുതുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നിർദേശം.
30 വർഷമായി തുടരുന്ന കരാർ വീണ്ടും മൂന്നുവർഷംകൂടി നീട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. കായംകുളത്തുനിന്ന് ഒരു യൂണിറ്റ് വൈദ്യുതിപോലും കെ.എസ്.ഇ.ബി. വാങ്ങുന്നില്ല. എന്നിട്ടും ഏഴുവർഷമായി 100 കോടിരൂപവീതം ഫിക്സഡ് ചാർജായി നൽകുന്നുണ്ട്. ഈ കരാർ കഴിഞ്ഞവർഷം മാർച്ചിൽ അവസാനിച്ചിരുന്നു.
കരാർ പുതുക്കിയില്ലെങ്കിൽ താൽച്ചർ നിലയത്തിൽനിന്ന് യൂണിറ്റിന് 3.35 രൂപയ്ക്ക് നൽകുന്ന 180 മെഗാവാട്ട് വൈദ്യുതി നൽകില്ലെന്ന എൻ.ടി.പി.സി.യുടെ ഭീഷണിക്ക് വഴങ്ങിയാണ് വർഷം 100 കോടി രൂപ ഫിക്സഡ് ചാർജ് നൽകി കരാർ നീട്ടുന്നത്.
അഞ്ചുവർഷത്തേക്കു നീട്ടണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സർക്കാർ അനുമതി നൽകിയെങ്കിലും ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. ഇതിനായി കെ.എസ്.ഇ.ബി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. 23-ന് കമ്മിഷൻ വാദം കേൾക്കും.
കായംകുളം നിലയത്തിന് വർഷം 100 കോടി രൂപ നൽകിയാലും എൻ.ടി.പി.സി.യുടെ താൽച്ചർ നിലയത്തിൽനിന്ന് കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിക്കുന്നതിനാൽ 200 കോടി ലാഭമുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. കേന്ദ്രവിഹിതം എന്ന നിലയിലാണ് താൽച്ചറിൽനിന്ന് കേരളത്തിന് വൈദ്യുതികിട്ടുന്നത്. ഈ വിഹിതം മുടക്കുമെന്നുപറഞ്ഞ് കരാർ നീട്ടണമെന്ന് നിർബന്ധിക്കാൻ എൻ.ടി.പി.സി.ക്ക് അധികാരമുണ്ടോയെന്നതാണ് ഉയരുന്ന ചോദ്യം. അക്കാര്യം റെഗുലേറ്ററി കമ്മിഷൻ പരിശോധിക്കും.
മൂന്നുവർഷത്തിനുശേഷം ഈ കരാറിൽനിന്ന് ഒഴിവാകാനുള്ള മാർഗം കണ്ടെത്തണമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കെഎസ്.ഇ.ബി. സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമിതിയായിരിക്കും നിലയം ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കുക.
മോഡുലാർ നിലയങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടക്കുകയാണ്. ഇത്തരം നിലയങ്ങൾ സ്ഥാപിക്കുന്നതിനെ കേന്ദ്രസർക്കാരും പ്രോത്സാഹിപ്പിക്കുന്നു.
കായംകുളം താപനിലയവുമായുള്ള കരാർ പുതുക്കുന്നതിന് കെ.എസ്.ഇ.ബി. നിബന്ധനകൾ വെച്ചിട്ടുണ്ട്. താൽച്ചറിൽനിന്ന് വൈദ്യുതി നൽകുന്നത് നിർത്തിയാൽ കരാർ സ്വാഭാവികമായി അവസാനിക്കും.
ചകിരി ഉൾപ്പെടെയുള്ള സസ്യഭാഗങ്ങൾ അഴുകുമ്പോൾ ലഭിക്കുന്ന വാതകം (പീറ്റ് ഗ്യാസ്) ഉപയോഗിക്കുന്ന തരത്തിലേക്ക് താപനിലയത്തെ മാറ്റാനുള്ള സാധ്യത രണ്ടുവർഷത്തിനുള്ളിൽ തേടണം, കെ.എസ്.ഇ.ബി.യും എൻ.ടി.പി.സി.യും ചേർന്ന് 500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് നിലയം കായംകുളത്ത് സ്ഥാപിക്കണം, കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളിൽ ഒഴുകുന്ന സൗരനിലയങ്ങളും സ്ഥാപിക്കണം എന്നിവയാണ് നിബന്ധനകൾ.






