തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ/PATA) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്(Kerala Tourism) സമ്മാനിച്ചു.
പാറ്റ ട്രാവല്‍ മാര്‍ട്ട് 2024(PATA Travel Mart 2024) ന്‍റെ ഭാഗമായി തായ്ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി.
മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടര്‍ മരിയ ഹെലീന ഡി സെന്ന ഫെര്‍ണാണ്ടസ്, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തില്‍ പാറ്റ ചെയര്‍ പീറ്റര്‍ സെമോണാണ് അവാര്‍ഡ് സമ്മാനിച്ചത്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ്പ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിന്‍ പരിഗണിച്ചാണ് പുരസ്കാരം. ഈ വര്‍ഷം പാറ്റ ഗോള്‍ഡ് അവാര്‍ഡ് നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ടൂറിസം ഡെസ്റ്റിനേഷനാണ് കേരളം.
ഇന്ത്യയിലും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നതിന് കേരള ടൂറിസം നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ മികവിന് കേരള ടൂറിസത്തിന് പാറ്റ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിന്‍റെ സമര്‍ഥമായ ഡിജിറ്റല്‍ ടൂറിസം മാര്‍ക്കറ്റിങ് കാമ്പയിനിന്‍റെ വിജയവും അതുവഴി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാനായതുമാണ് ഇത്തവണത്തെ സവിശേഷതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.