
കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനായി ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കി കെഫോൺ. കൊച്ചിയിലെ കെഫോണിന്‍റെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് ഈ പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള ആക്സസ് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ഉള്ളടക്കങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിലൂടെയാണ് ഡാറ്റാ ലഭ്യതയുടെ വേഗത വർധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും സാധിക്കുന്നത്. ഇതുവഴി മികച്ച വീഡിയോ നിലവാരവും തടസ്സരഹിതമായ സ്ട്രീമിംഗ് അനുഭവവും ഉറപ്പാക്കാൻ കെഫോണിനാകും.
അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലേറ്റൻസി കുറയ്ക്കുന്നതിനും നെറ്റ്‌വർക്ക് ട്രാഫിക് കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്ത് ഉപയോഗം കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാകും.
ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽപ്പോലും ഉയർന്ന സേവന നിലവാരം നിലനിർത്തുവാനും ഈ അപ്‌ഗ്രേഡിലൂടെ കെഫോണിനു സാധിക്കും.
സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെയും സാങ്കേതിക നവീകരണങ്ങളുടെയും ഭാഗമായാണ് ഇത്തരം സംവിധാനങ്ങൾ നടപ്പാക്കിവരുന്നതെന്ന് കെഫോൺ അധികൃതർ അറിയിച്ചു.
ഗൂഗിൾ കാഷിംഗ് സംവിധാനത്തിലൂടെ വീടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ കെഫോണിനാകുമെന്ന് അധികൃതർ വ്യക്തമാക്കി.






