
ന്യൂഡെല്‍ഹി: സാമ്പത്തിക അസ്ഥിരതകള്‍ക്ക് നടുവില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുമതി കൊടുക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്.
രാജ്യത്ത് ലഭ്യമായ അധിക വൈദ്യുതി ഉപയോഗിച്ച് ബിറ്റ്‌കോയിനുകള്‍ മൈന്‍ ചെയ്യാനാണ് പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം ആലോചിക്കുന്നത്.
ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇതുവരെ പാകിസ്ഥാനില്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. വര്‍ധിച്ച സാമ്പത്തിക ബാധ്യതകള്‍ക്കിടെ ഈ നയം തിരുത്തുകയാണ് പാക് ഭരണകൂടം.
ബിറ്റ്‌കോയിന്‍ മൈനിംഗ് നടത്തുന്നവരുമായി സര്‍ക്കാര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്ന് ധനമന്ത്രിയുടെ ഉപദേഷ്ടാവും പാകിസ്ഥാന്‍ ക്രിപ്‌റ്റോ കൗണ്‍സിലിന്റെ മേധാവിയുമായ ബിലാല്‍ ബിന്‍ സാകിബ് സ്ഥിരീകരിച്ചു.
ആവശ്യവും കഴിഞ്ഞ് 10 ഗിഗാവാട്ട് മിച്ച വൈദ്യുതി പാകിസ്ഥാന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഈ വൈദ്യുതി ഉപയോഗിക്കാതെ പാഴായിപ്പോവുകയാണ്. 10000-15000 ഗിഗാവാട്ട് വൈദ്യുതി ബിറ്റ് കോയിന്‍ ഘനനത്തിനായി കണ്ടെത്താനാവുമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.
രാജ്യത്തെ വൈദ്യുത ഉല്‍പ്പാദനത്തിന്റെ 40% പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നാണ്. ഇത് ക്രിപ്‌റ്റോ കറന്‍സി മൈനിംഗിനായി പ്രയോജനപ്പെടുത്താനാണ് തീരുമാനം.
മാതൃക ഭൂട്ടാന്‍
മിച്ചവൈദ്യുതി വന്‍തോതില്‍ ബിറ്റ്‌കോയിന്‍ മൈനിംഗിനായി ഉപയോഗിക്കുന്ന ഭൂട്ടാനാണ് ഇക്കാര്യത്തില്‍ മാതൃകയായുള്ളത്. ജലവൈദ്യുതി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭൂട്ടാന്‍ വൈദ്യുത മിച്ച രാഷ്‌ട്രമാണ്.
2019 മുതല്‍ ഈ മിച്ചവൈദ്യുതി ബിറ്റ് കോയിന്‍ ഘനനത്തിനായാണ് ഭൂട്ടാന്‍ പ്രയോജനപ്പെടുത്തുന്നത്. 750 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ രാജ്യത്തിന്റെ ബിറ്റ് കോയിന്‍ നിക്ഷേപം.
ഭൂട്ടാന്റെ പ്രധാന വരുമാനം ടൂറിസം മേഖലയിില്‍ നിന്നാണ്. കോവിഡ് കാലത്ത് ടൂറിസം മേഖല പ്രതിസന്ധിയിലായപ്പോള്‍ വരുമാനം കണ്ടെത്താനാണ് ഭൂട്ടാന്‍ ബിറ്റ് കോയിന്‍ മൈനിംഗ് ആരംഭിച്ചത്. ഇന്ന് രാജ്യത്തിന്റെ പ്രധാന വരുമാന മേഖലകളിലൊന്നായി ഇത് മാറിയിരിക്കുന്നു.
ഭാവിയുടെ ആസ്തിയായാണ് ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ കണക്കാക്കപ്പെടുന്നത്. ക്രിപ്‌റ്റോ കറന്‍സികളുടെ സാധ്യതകള്‍ പരിശോധിക്കാനാണ് പാകിസ്ഥാന്‍ ക്രിപ്‌റ്റോ കൗണ്‍സിലിന് ഷെഹ്ബാസ് ഭരണകൂടം രൂപം കൊടുത്തത്.
ബിറ്റ് കോയിന്‍ മൈനിംഗ് ഉടന്‍ ആരംഭിക്കണമെന്നാണ് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ക്രിപ്‌റ്റോ അനുകൂല സാഹചര്യം രാജ്യത്ത് കൊണ്ടുവരാനാണ് ശ്രമം. അന്താരാഷ്‌ട്ര നിക്ഷേപം ആകര്‍ഷിക്കുന്നതിന് ക്രിപ്‌റ്റോ ട്രേഡിംഗ് നിയമപരമാക്കാനും പാക് സര്‍ക്കാര്‍ ആലോചിക്കുന്നു.
ഇന്ത്യയുടെ ക്രിപ്‌റ്റോകറന്‍സി
ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കാന്‍ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. എന്നിരുന്നാലും ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിലവില്‍ 30% നികുതി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിറ്റ്‌കോയിനടക്കം ക്രിപ്‌റ്റോ കറന്‍സികളെ അംഗീകരിക്കാനുള്ള തീരുമാനം ഭാവിയില്‍ ഉണ്ടായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും നിലവില്‍ വൈദ്യുതി മിച്ച രാഷ്‌ട്രമല്ല ഇന്ത്യ. ബിറ്റ്‌കോയിന്‍ മൈനിംഗിന് വന്‍തോതില്‍ ഊര്‍ജം ആവശ്യമായി വരും.
നിലവിലെ സാഹചര്യത്തില്‍ ബിറ്റ്‌കോയിന്‍ ഖനനം ഇന്ത്യയില്‍ വളരെ ചെലവേറിയതാണ്.
യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ബിറ്റ്‌കോയിന്‍ അടക്കം ക്രിപ്‌റ്റോ കറന്‍സികളുടെ നല്ല കാലം തെളിയുകയാണ്.
ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വാഗ്ദാനം ചെയ്തിരുന്നു. അധികം താമസിയാതെ യുഎസ് ഫെഡറല്‍ റിസര്‍വ് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് അനുകൂലമായി നയം മാറ്റിയേക്കും.
യുഎസ് അംഗീകാരം ലഭിച്ചാല്‍ പിന്നാലെ മറ്റ് ലോകരാഷ്‌ട്രങ്ങളിലും ക്രിപ്‌റ്റോകറന്‍സികള്‍ നിയമപരമായി അംഗീകരിക്കപ്പെടാന്‍ കാലതാമസം ഉണ്ടാവില്ല.