ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നു

മുംബൈ: ഓഹരി വിപണിയുടെ മൂല്യം ഉയര്‍ന്ന നിലയിലാണെന്ന സൂചന നല്‍കിക്കൊണ്ട്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നു. കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന 12 ഫണ്ട്‌ ഹൗസുകളുടെ കാഷ്‌ ഹോള്‍ഡിംഗ്‌ സെപ്‌റ്റംബര്‍ അവസാനം 5.8 ശതമാനമായി ഉയര്‍ന്നു.

മുന്‍വര്‍ഷം സെപ്‌റ്റംബറില്‍ മൊത്തം ആസ്‌തിയുടെ 4.3 ശതമാനമാണ്‌ പണമായി മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെച്ചിരുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫണ്ട്‌ ഹൗസുകളുടെ കാഷ്‌ ഹോള്‍ഡിംഗ്‌ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്‌ സെപ്‌റ്റംബറിലാണ്‌.

പിപിഎഫ്‌എഎസ്‌ (15.9 ശതമാനം), ആക്‌സിസ്‌ (10.2 ശതമാനം), എസ്‌ബിഐ (10ശതമാനം) എന്നിവയാണ്‌ കാഷ്‌ ഹോള്‍ഡിംഗില്‍ മുന്നില്‍. ഓഹരി വിപണിയുടെ അമിതമൂല്യം മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നതിന്‌ ഒരു പ്രധാന കാരണമാണ്‌.

നിഫ്‌റ്റിയുടെ പി/ഇ (ഓഹരികളുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതമാണ്‌ പി/ഇ അഥവാ പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ) ഇപ്പോള്‍ ഉയര്‍ന്ന നിലയിലാണ്‌. ഓഹരി വിപണിയുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്‌ഡമാണ്‌ പി/ഇ.

നിഫ്‌റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തിന്റെ ശരാശരി നിലവില്‍ 21 ആണ്‌. ഇത്‌ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 13 ശതമാനം ഉയര്‍ന്ന നിലയിലാണ്‌.

ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കരുതല്‍ പാലിക്കുന്നതിന്‌ മറ്റൊരു കാരണം. യുഎസിലെ പണപ്പെരുപ്പം, യുകെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, യൂറോപ്പില്‍ മാന്ദ്യം ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യത, റഷ്യ-ഉക്രെയ്‌ന്‍ യുദ്ധം തുടങ്ങിയ ഘടകങ്ങള്‍ പ്രതികൂലമായി നിലനില്‍ക്കുന്നു.

അവസരം വരുമ്പോള്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ധനം കൈവശം വെക്കുന്നത്‌. വിപണിയിലെ തിരുത്തലുകളില്‍ ഓഹരികള്‍ വാങ്ങാന്‍ ഈ ധനം വിനിയോഗിക്കാനാകും.

X
Top