
വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ ലിറ്റർ ഇന്ധനം നിറച്ചുനൽകി. എം.വി. സോളിസ് എന്ന കപ്പലിനാണ് ഷിപ്പ് ടു ഷിപ്പ് എന്ന ബങ്കറിങ് സംവിധാനത്തിലൂടെ ഇന്ധനം നിറച്ചുനൽകിയത്. വിഴിഞ്ഞം പുറംകടലിലെത്തിയ വിദേശകപ്പലിന് ഇതാദ്യമായാണ് മാരിടൈംബോർഡിന്റെ നേതൃത്വത്തിൽ ഇന്ധനം നിറക്കാനുളള ബങ്കറിങ് സംവിധാനം സജ്ജമാക്കിയത്.
മുംബൈ ആസ്ഥാനമാക്കിയുളള ജെ.എം. ബക്ഷി എന്ന കമ്പനിയാണ് കൊച്ചിയിൽ നിന്ന് എം.ടി. ജെനിസിസ് എന്ന കൂറ്റൻ ബാർജിൽ ഒന്നേകാൽ ലക്ഷത്തോളം ലിറ്റർ ഡീസലെത്തിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെ എത്തിയ ബാർജിനെ പുറംകടലിലുളള കപ്പലിനടുതെത്തിച്ചശേഷം ഒൻപതുമണിയോടെ തുടങ്ങിയ ബങ്കറിങ് ഉച്ചയ്ക്ക് ഒന്നോടെ പൂർത്തികരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചമുൻപ് കപ്പലിലെ ഇന്ധനം പൂർണമായി തീരാറായെന്നും, എൻജിനുകൾ നിലച്ച് കപ്പൽ ഒഴുകിപോകാൻ ഇടയുണ്ടെന്നും കാണിച്ച് ക്യാപ്റ്റൻ വാൻടുവാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കമ്പനി അധികൃതർക്ക് ഇ- മെയിൽ അയിച്ചിരുന്നു. ജീവനക്കാർക്കുളള ഭക്ഷണവും കുടിവെളളവും അടക്കം തീർന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കപ്പലിലേക്ക് ആവശ്യമായ ഇന്ധനമെത്തിച്ച് നൽകുന്നതിനുളള സൗകര്യമൊരുക്കാൻ ഡി.ജി.ഷിപ്പിങ് അധികൃതർ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ വിനുലാലിന് സന്ദേശമയച്ചിരുന്നു. കപ്പൽ ഏജൻസിയും കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സീമാക്സ് മറൈൻ സർവീസ് അധികൃതരെത്തി രണ്ടുഘട്ടങ്ങളിലായി 13000 ലിറ്റർ ഇന്ധനമെത്തിച്ച് നൽകി. തുടർന്നാണ് ഞായറാഴ്ച മുഴുവൻ ഇന്ധനവും നൽകിയത്.
കഴിഞ്ഞ മാർച്ച് ഏഴിന് ഉച്ചയ്ക്ക് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തിന്റെ 57 നോട്ടിക്കൽ മൈൽ അകലെ വച്ച് നീണ്ടകര സ്വദേശിയുടെ ട്രോളർ ബോട്ടിനെ എം.വി.സോളിസ് ഇടിച്ചുതകർത്തിരുന്നു. അപകടത്തിൽ ബോട്ട് രണ്ടായി പിളർന്ന് 11 മത്സ്യത്തൊഴിലാളികൾ കടലിൽ വീണിരുന്നു. ഇവരിൽ ഒൻപതുപേരെ ഇതേ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു.
അതേസമയം രണ്ടുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതേ തുടർന്ന് ഡി.ജി. ഷിപ്പിങ് അധികൃതരുടെ ആവശ്യപ്രകാരം കോസ്റ്റുഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡറുടെ നേത്യത്വത്തിൽ കപ്പലിനെ അറസ്റ്റുചെയ്ത് വിഴിഞ്ഞം പുറം കടലിലെത്തിക്കുകയായിരുന്നു.






