
മുംബൈ: ലോകമെമ്പാടുമുള്ള സാമ്പത്തിക ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റം കുറിച്ച് മൊബൈല്‍ മണി സേവനങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക്. ജിഎസ്എംഎയുടെ മൊബൈല്‍ മണി 2026 റിപ്പോര്‍ട്ട് പ്രകാരം, 2025-ല്‍ ആഗോളതലത്തിലെ മൊബൈല്‍ പണമിടപാടുകള്‍ 2.1 ട്രില്യണ്‍ യുഎസ് ഡോളര്‍ എന്ന റെക്കോര്‍ഡ് സംഖ്യ പിന്നിട്ടു.
ആദ്യത്തെ ഒരു ട്രില്യണ്‍ ഡോളറിലെത്താന്‍ രണ്ട് പതിറ്റാണ്ടുകള്‍ എടുത്തപ്പോള്‍, വെറും നാല് വര്‍ഷത്തിനുള്ളില്‍ ആ തുക ഇരട്ടിയായി വര്‍ദ്ധിച്ചു എന്നത് ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ വന്‍ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്.
പുതിയ ഉപയോക്താക്കളുടെ വരവിനൊപ്പം നിലവിലുള്ളവരുടെ ഇടപാടുകളില്‍ ഉണ്ടായ വര്‍ദ്ധനവുമാണ് ഈ വളര്‍ച്ചയ്ക്ക് കരുത്തേകിയത്. ലോകമെമ്പാടും ഏകദേശം 2.3 ബില്യണ്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ അക്കൗണ്ടുകളാണുള്ളത്.
2025-ല്‍ മാത്രം സജീവ അക്കൗണ്ടുകളില്‍ 15 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രതിമാസം 593 ദശലക്ഷം ആളുകള്‍ സജീവമായി മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കപ്പുറം നിത്യജീവിതത്തിലെ കച്ചവട ആവശ്യങ്ങള്‍ക്കായി മൊബൈല്‍ മണി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വ്യാപാരികള്‍ക്ക് നല്‍കുന്ന പേയ്മെന്റുകളില്‍ 42 ശതമാനം വര്‍ദ്ധനവുണ്ടായി, ഇത് 155 ബില്യണ്‍ ഡോളറിലെത്തി.
ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ വാലറ്റുകളും തമ്മിലുള്ള പരസ്പര ബന്ധം ശക്തമായതോടെ ബാങ്ക്-ടു-മൊബൈല്‍, മൊബൈല്‍-ടു-ബാങ്ക് ഇടപാടുകളും ഏകദേശം 165 ബില്യണ്‍ ഡോളറിന് മുകളില്‍ രേഖപ്പെടുത്തി. കേവലം പണമയക്കല്‍ സേവനങ്ങളില്‍ നിന്നും സമ്പാദ്യം, ഇന്‍ഷുറന്‍സ് തുടങ്ങിയ വിപുലമായ സാമ്പത്തിക സേവനങ്ങളിലേക്ക് മൊബൈല്‍ മണി പ്ലാറ്റ്ഫോമുകള്‍ ചുവടുമാറുകയാണ്.
2025-ല്‍ സമ്പാദ്യ പദ്ധതികളിലും ഇന്‍ഷുറന്‍സ് മേഖലയിലുമാണ് ഏറ്റവും വേഗത്തിലുള്ള വികസനം ദൃശ്യമായത്. ഈ രംഗത്തെ സേവനദാതാക്കളില്‍ 80 ശതമാനവും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് മേഖലയുടെ സുസ്ഥിരത വെളിപ്പെടുത്തുന്നു. വൈവിധ്യമാര്‍ന്ന വരുമാന സ്രോതസ്സുകള്‍ ഈ മേഖലയുടെ ലാഭക്ഷമത വര്‍ദ്ധിപ്പിച്ചു.
വളര്‍ച്ചാ നിരക്ക് ആവേശകരമാണെങ്കിലും ചില വെല്ലുവിളികളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതും കര്‍ശനമായ നിയന്ത്രണങ്ങളും പ്രധാന പ്രതിസന്ധികളാണ്. കൂടാതെ, മൊബൈല്‍ മണി ഉപയോഗത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിടവ് ഇപ്പോഴും നിലനില്‍ക്കുന്നു.
താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ പ്രധാന സാമ്പത്തിക ഉപകരണമായി മൊബൈല്‍ മണി മാറിയിട്ടുണ്ടെന്നും ലിംഗവിവേചനം അവസാനിപ്പിക്കാന്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ജിഎസ്എംഎ വ്യക്തമാക്കുന്നു.






