
ഓഹരി വിപണിയിലെ ശക്തമായ തിരുത്തലിനെ തുടര്‍ന്ന് നിഫ്‌റ്റിയുടെ പിഇ (പ്രൈസ് ടു ഏര്‍ണിംഗ് റേഷ്യോ) പത്ത് വര്‍ഷത്തെ ശരാശരിയിലേക്ക് എത്തി. ഇത് നിക്ഷേപത്തിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
നിഫ്‌റ്റിയുടെ നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പിഇ 17.3 ആയി കുറഞ്ഞു. ഇത് പത്ത് വര്‍ഷത്തെ ശരാശരിയ്‌ക്ക് തൊട്ടടുത്താണ്. 2020 മാര്‍ച്ച് 20നു ശേഷം ഈ നിലവാരത്തിലേക്ക് നിഫ്‌റ്റിയുടെ പിഇ ഇടിയുന്നത് ഇത് രണ്ടാമത്തെ തവണയാണ്.
2016 മുതല്‍ നിഫ്‌റ്റിയുടെ ഒരു വര്‍ഷത്തിനു ശേഷം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പിഇ 16-17 ആയി കുറയുമ്പോള്‍ വിപണി കരകയറ്റം നടത്തുന്ന പ്രവണതയാണ് കാണുന്നത്.
ഈ നിലവാരത്തില്‍ നിഫ്‌റ്റി എത്തുമ്പോള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടയക്ക നേട്ടം നല്‍കാനുള്ള സാധ്യത ഉയര്‍ന്നതാണ്. പ്രൈസ് ടു ബുക്ക് വാല്യു (പിബിവി)വിന്റെ അടിസ്ഥാനത്തിലും നിഫ്‌റ്റി ന്യായമായ മൂല്യത്തിലാണ്.
നിഫ്‌റ്റിയുടെ പിബിവി ഇപ്പോള്‍ 2.87 മടങ്ങാണ്. പത്ത് വര്‍ഷത്തെ ശരാശരിയാകട്ടെ 2.88ഉം. നിഫ്‌റ്റിയുടെ പിബിവി 2.5-3 മടങ്ങ് നിലവാരത്തില്‍ എത്തുമ്പോള്‍ വിപണി കരകയറ്റം നടത്തുന്ന പ്രവണതയാണ് കാണാറുള്ളത്.
ഒരു കമ്പനിയുടെ ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതമാണ് പ്രൈസ് ടു ഏര്‍ണിംഗ് റേഷ്യോ. കമ്പനിയുടെ ഓഹരി വിലയെ പ്രതി ഓഹരി വരുമാനം കൊണ്ട് ഹരിച്ചാണ് പി/ഇ റേഷ്യോ കണ്ടെത്തുന്നത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ പി/ഇ റേഷ്യോയുടെ ശരാശരിയാണ് നിഫ്‌റ്റിയുടെ പി/ഇ. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ മൊത്തം വിപണിമൂല്യവും ആ കമ്പനികളുടെ അറ്റാദായവും തമ്മിലുള്ള അനുപാതമാണ് നിഫ്‌റ്റിയുടെ പി/ഇ.
ഇതുപോലെ കമ്പനിയുടെ ഓഹരി വിലയും പുസ്‌തകമൂല്യവും തമ്മിലുള്ള അനുപാതമാണ് പ്രൈസ് ടു ബുക്ക് വാല്യു റേഷ്യോ. കമ്പനിയുടെ ഓഹരി വിലയെ പുസ്‌തക മൂല്യം കൊണ്ട് ഹരിച്ചാണ് പി/ബിവി റേഷ്യോ കണ്ടെത്തുന്നത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ പി/ബിവി റേഷ്യോയുടെ ശരാശരിയാണ് നിഫ്‌റ്റിയുടെ പി/ബിവി.






