Alt Image
നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆

എസ്ഐപി നിർത്തിപ്പോകുന്ന ട്രെൻഡിൽ വലിയ വർധന; ഇക്വിറ്റി മ്യൂച്വൽഫണ്ട് നിക്ഷേപത്തിലും ഇടിവ്

മുംബൈ: ഇന്ത്യയിൽ മ്യൂച്വൽഫണ്ടുകളിലേക്കുള്ള മൊത്തം നിക്ഷേപം ഒക്ടോബറിൽ 1.74 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റിപ്പോർട്ട്. സെപ്റ്റംബറിൽ പണമൊഴുക്ക് 1.33 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

ഓഹരികളുമായി ബന്ധമില്ലാത്തതും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ പുറത്തിറക്കുന്ന കടപ്പത്രങ്ങളിൽ മാത്രം നിക്ഷേപിക്കുന്നതുമായ ഡെറ്റ് ഫണ്ടുകളാണ് കൂടുതൽ നിക്ഷേപവും നേടിയത്. ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം താഴ്ന്നു.

തവണ വ്യവസ്ഥയിൽ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള നിക്ഷേപവും കുറഞ്ഞു. എസ്ഐപി നിർത്തിപ്പോകുന്ന പ്രവണതയും ആശങ്കപ്പെടുത്തും വിധം കൂടുകയാണെന്ന് ആംഫിയുടെ കണക്കുകൾ പറയുന്നു. ഗോൾഡ് ഇടിഎഫിലേക്കുള്ള നിക്ഷേപവും സെപ്റ്റംബറിൽ താഴ്ന്നു.

ഡെറ്റ് ഫണ്ടുകൾ പോസിറ്റീവായി
ഡെറ്റ് മ്യൂച്വൽഫണ്ടുകൾ അഥവാ കടപ്പത്ര ഫണ്ടുകളിലേക്ക് ഒക്ടോബറിൽ 1.13 ലക്ഷം കോടിയാണ് നിക്ഷേപമായി എത്തിയത്. സെപ്റ്റംബറിൽ 1.83 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട സ്ഥാനത്താണ് ഒക്ടോബറിലെ വൻ തിരിച്ചുകയറ്റം. ഫലത്തിൽ ഒക്ടോബറിൽ 2.96 ലക്ഷം കോടി രൂപയാണ് ഡെറ്റ് ഫണ്ടുകൾ നേടിയ നിക്ഷേപം.

ഇക്വിറ്റി മ്യൂച്വൽഫണ്ടിൽ 14% വീഴ്ച
ഓഹരി അധിഷ്ഠിതമായ അഥവാ ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒക്ടോബറിൽ 14% ഇടിഞ്ഞു. സെപ്റ്റംബറിലെ 38,307 കോടി രൂപയിൽ നിന്ന് 32,994 കോടി രൂപയിലേക്കാണ് ഇടിവ്. നിക്ഷേപകർ ഓഹരികളെ കൈവിട്ട്, താരതമ്യേന സുരക്ഷിതമായ കടപ്പത്രങ്ങളിലേക്ക് ചുവടുമാറ്റിത്തുടങ്ങി എന്നാണ് ഒക്ടോബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്. യുദ്ധം, പണപ്പെരുപ്പപ്പേടി, പലിശപ്പേടി, ആഗോളതലത്തിൽ ഓഹരി വിപണികൾ നേരിട്ട അസ്ഥിരത എന്നിവയാണ് ഇതിനു കാരണമെന്ന് കരുതുന്നു.

ഹൈബ്രിഡിനും വലിയ ഡിമാൻഡ്
ഓഹരി, കടപ്പത്ര ഫണ്ടുകളിൽ‌ തുല്യമായി നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകൾക്കും ഒക്ടോബറിൽ വലിയ ഡിമാൻഡുണ്ടായി. സെപ്റ്റംബറിൽ 456.68 കോടി രൂപ നഷ്ടപ്പെടുകയാണ് ചെയ്തതെങ്കിൽ ഒക്ടോബറിൽ 3514.06 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.

ഫണ്ട് മാനേജർമാർ സ്വന്തംനിലയ്ക്ക് പ്രത്യേക നിക്ഷേപാനുപാതം സൃഷ്ടിക്കാതെ, നിഫ്റ്റി50യിലെയും മറ്റും ഓഹരികളിൽ നിക്ഷേപിക്കുന്ന ഇൻഡക്സ് ഫണ്ടുകളിലേക്ക് ഒക്ടോബറിൽ 3090.51 കോടി രൂപ എത്തി. സെപ്റ്റംബറിൽ നിക്ഷേപകർ ഇൻഡക്സ് ഫണ്ടിൽ നിന്ന് 3614.03 കോടി രൂപ പിൻവലിച്ചിരുന്നു.

ഇടിഎഫ് സമ്മിശ്രം, സ്വർണത്തിന് മങ്ങൽ
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) നിക്ഷേപം ഒക്ടോബറിൽ 20,303.98 കോടി രൂപയായി ഉയർന്നു. സെപ്റ്റംബറിൽ 15,501 കോടിയായിരുന്നു. അതേസമയം, സെബിയുടെ ഉൾപ്പെടെ നിയന്ത്രണങ്ങളെ തുടർന്ന് ഗോൾഡ് ഇടിഎഫിലേക്കുള്ള നിക്ഷേപമൊഴുക്ക് 4450.61 കോടിയിൽ നിന്ന് 3474.03 കോടിയായി കുറഞ്ഞു.

എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ 116%
മ്യൂച്വൽഫണ്ടുകളിൽ ആഴ്ച, മാസം, ത്രൈമാസം തുടങ്ങി തവണവ്യവസ്ഥകളിൽ നിക്ഷേപിക്കാവുന്ന സൗകര്യമാണ് എസ്ഐപി. ഒക്ടോബറിൽ എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ 115.7 ശതമാനമായി കൂടി. സെപ്റ്റംബറിൽ 78.5 ശതമാനമായിരുന്നു. തുടർച്ചയായി 5 മാസം ഇടിഞ്ഞശേഷമാണ് ഈ ആശങ്കപ്പെടുത്തുന്ന വർധന.

∙ ഒക്ടോബറിൽ 51 ലക്ഷം പുതിയ എസ്ഐപി റജിസ്ട്രേഷനുകളുണ്ടായി. അതേസമയം, 59 ലക്ഷം എസ്ഐപികൾ നിർത്തലാക്കപ്പെടുകയും ചെയ്തു.

∙ അതായത്, ഓരോ 100 പുതിയ എസ്ഐപികൾ ആരംഭിക്കുമ്പോൾ മറുവശത്ത് 116 എണ്ണം നിർത്തുന്നതായിരുന്നു ഒക്ടോബറിലെ ട്രെൻഡ്.

∙ ഒക്ടോബറിൽ പുതിയ എസ്ഐപി റജിസ്ട്രേഷൻ 19.4% കുറഞ്ഞു.
∙ നിർത്തലാക്കുന്ന എസ്ഐപികളുടെ എണ്ണം 18.8% കൂടി.

കഴിഞ്ഞമാസങ്ങളിലെ എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ ഇങ്ങനെ:
∙ ഏപ്രിൽ : 101.14%
∙ മേയ് : 95.46%
∙ ജൂൺ : 91.23%
∙ ജൂലൈ : 81.87%
∙ ഓഗസ്റ്റ് : 81.05%
∙ സെപ്റ്റംബർ : 78.53%
∙ ഒക്ടോബർ : 115.7%

X
Top