Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ

ദില്ലി: യുദ്ധത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി തടസ്സപ്പെട്ടതോടെ എല്‍എന്‍ജി വാങ്ങുന്നതില്‍ പുതിയ തന്ത്രങ്ങളുമായി ഇന്ത്യ. ദീര്‍ഘകാല കരാറുകളിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍എന്‍ജി ലഭ്യമാക്കാനാണ് ശ്രമം. ഇന്ത്യയുടെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരായ ഖത്തറില്‍ നിന്നുള്ള ചരക്കുനീക്കത്തെ യുദ്ധം ബാധിച്ചതോടെയാണ് ഇറക്കുമതി പുനഃപരിശോധിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം ഏതാണ്ട് നിലച്ച അവസ്ഥയിലായി. പ്രത്യേക ഉല്‍പാദന കേന്ദ്രങ്ങളെയും കപ്പല്‍ ഗതാഗതത്തെയും മാത്രം ആശ്രയിച്ചുള്ള ഇറക്കുമതി കരാറുകള്‍ പുന: പരിശോധിക്കാനാണ് കമ്പനികളുടെ നീക്കം.

ഈ സാഹചര്യത്തില്‍, വിവിധ രാജ്യങ്ങളിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് എല്‍എന്‍ജി ലഭ്യമാക്കാന്‍ കഴിയുന്ന തരത്തിലുള്ള കരാറുകളിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ താല്‍പര്യം. ഗുജറാത്ത് എനര്‍ജി ലിമിറ്റഡ് അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയായ അഡ്‌നോക്കുമായി 10 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു.

2028 മുതല്‍ 40 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാനാണ് കരാര്‍. പെട്രോനെറ്റ് എല്‍എന്‍ജിയും ഖത്തര്‍ എനര്‍ജിയുമായി പുതിയ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഖത്തറുമായുള്ള പുതുക്കിയ 20 വര്‍ഷത്തെ വിതരണ കരാറില്‍ യുഎസില്‍ നിന്നുള്ള എല്‍എന്‍ജി കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം. ഖത്തറിലെ ഉല്‍പാദന കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കാതെ മറ്റൊരു ഉറവിടത്തില്‍നിന്നും വാതകം ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവില്‍ ഖത്തറില്‍ നിന്ന് പ്രതിവര്‍ഷം 75 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാനുള്ള കരാര്‍ പെട്രോനെറ്റിനുണ്ട്. ഈ കരാര്‍ 2028ല്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് കരാര്‍ പുതുക്കി വീണ്ടും 20 വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

അതേസമയം, ഖത്തറിലെ എല്‍എന്‍ജി ദ്രവീകരണ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സങ്ങളും വിതരണത്തെ ബാധിച്ചു. ഇതേത്തുടര്‍ന്ന് കരാര്‍ പ്രകാരമുള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഖത്തര്‍ പ്രഖ്യാപിക്കുകയായിരുന്നു.

X
Top