Alt Image
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆

പുതിയ എസ്‌ഐപി രജിസ്‌ട്രേഷന്‍ 20% കുറഞ്ഞു

മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി നിര്‍ത്തല്‍ അനുപാതം (സ്റ്റോപ്പേജ്‌ റേഷ്യോ) ഒക്‌ടോബറില്‍ 116.65 ശതമാനമായി വര്‍ധിച്ചു. ഒക്‌ടോബറിലെ വിപണിയിലെ ചാഞ്ചാട്ടമാണ്‌ എസ്‌ഐപികള്‍ നിര്‍ത്തലാക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്‌.

കഴിഞ്ഞ അഞ്ച്‌ മാസമായി എസ്‌ഐപി നിര്‍ത്തല്‍ അനുപാതം കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഒക്‌ടോബറില്‍ ഈ പ്രവണതയ്‌ക്ക്‌ വിരാമമായി.

അസോസിയേഷന്‍ ഓഫ്‌ മ്യൂച്വല്‍ ഫണ്ട്‌സ്‌ ഇന്‍ ഇന്ത്യ (ആംഫി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ പുതിയ എസ്‌ഐപികളുടെ എണ്ണം സെപ്‌റ്റംബറിലെ 63.26 ലക്ഷത്തില്‍ നിന്ന്‌ 20 ശതമാനം ഇടിഞ്ഞ്‌ 50.68 ലക്ഷമായി. അതേസമയം ഇതേ കാലയളവില്‍ നിര്‍ത്തലാക്കിയതോ കാലാവധി പൂര്‍ത്തിയായതോ ആയ എസ്‌ഐപികളുടെ എണ്ണം സെപ്‌റ്റംബറിലെ 49.68 ലക്ഷത്തില്‍ നിന്ന്‌ 19 ശതമാനം ഉയര്‍ന്ന്‌ 59.12 ലക്ഷമായി.

ഏപ്രിലില്‍ 101.14 ശതമാനമായിരുന്ന എസ്‌ഐപി സ്‌റ്റോപ്പേജ്‌ അനുപാതം മെയ്‌ മാസത്തില്‍ 95.46 ശതമാനമായും ജൂണില്‍ 91.23 ശതമാനമായും ജൂലൈയില്‍ 81.87 ശതമാനമായും ഓഗസ്‌റ്റില്‍ 81.05 ശതമാനമായും കുറഞ്ഞിരുന്നു. സെപ്‌റ്റംബറില്‍ 78.53 ശതമാനമെന്ന താഴ്‌ന്ന നിലയിലെത്തുകയും ചെയ്‌തു.

വിപണിയിലെ ചാഞ്ചാട്ടം മൂലം എസ്‌ഐപി നിര്‍ത്തുന്ന പ്രവണത ശക്തമായതാണ്‌ ഒക്‌ടോബറില്‍ ഈ അനുപാതത്തിലെ ഉയര്‍ച്ചയ്‌ക്ക്‌ കാരണം. പുതിയതായി ആരംഭിച്ച എസ്‌ഐപികളുടെ എണ്ണവും നിര്‍ത്തിയ എസ്‌ഐപികളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ്‌ എസ്‌ഐപി സ്റ്റോപ്പേജ്‌ റേഷ്യോ. ഈ അനുപാതം 100% കടന്നാല്‍, പുതിയതായി തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ എസ്‌ഐപികള്‍ നിര്‍ത്തുന്നുവെന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌.

അതേ സമയം കാലാവധി പൂര്‍ത്തിയായ എസ്‌ഐപികളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. കൂടാതെ, നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോ മാറ്റുന്നതിന്റെ ഭാഗമായി ഒരു എസ്‌ഐപിയില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ മാറിയതുമാകാം.

X
Top