
ലോകത്തെ ഏറ്റവും വലിയ 5-ാമത്തെ ഓഹരി വിപണിയെന്ന നേട്ടം തായ്വാനിൽ നിന്ന് തിരിച്ചുപിടിച്ച് ഇന്ത്യ. എഐ രംഗത്തെ ഭീമന്മാരായ തായ്വാനും കൊറിയയും കഴിഞ്ഞ മാസങ്ങളിൽ നടത്തിയ മുന്നേറ്റത്തെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യയുടെ തിരിച്ചുകയറ്റം. കഴിഞ്ഞ മേയിലായിരുന്നു തായ്വാൻ 5-ാം സ്ഥാനം ഇന്ത്യയിൽനിന്ന് പിടിച്ചെടുത്തത്. തൊട്ടടുത്ത് കനത്ത വെല്ലുവിളി ഉയർത്തി ദക്ഷിണ കൊറിയയും ഉണ്ടായിരുന്നു.
പ്രതിസന്ധികളെ നിഷ്പ്രഭമാക്കി വിപണിമൂല്യത്തിൽ ഒക്ടോബർ അവസാനവും നവംബറിലും വലിയ കുതിപ്പുമായാണ് ഇന്ത്യ, കൈവിട്ട നേട്ടം തിരിച്ചുപിടിച്ചത്. നിലവിൽ 5.4 ട്രില്യൻ ഡോളറാണ് ഇന്ത്യൻ വിപണിയുടെ മൂല്യം. ഇന്ത്യയെ വിറപ്പിക്കാനിറങ്ങിയ ദക്ഷിണ കൊറിയ യുകെയ്ക്കും കാനഡയ്ക്കും പിന്നിലായി 9-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എഐ ഓഹരികളിലെ വിൽപനസമ്മർദം, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തോൽവി തുടങ്ങിയ പ്രതികൂല ഘടകങ്ങൾ കൊറിയ, തായ്വാൻ വിപണികളെ ഉലച്ചിരുന്നു. എന്നാൽ, ഈ പ്രതിസന്ധികളെ ഗൗനിക്കാതെ ഇന്ത്യൻ വിപണി നടത്തിയത് വൻ മുന്നേറ്റമാണ്.
വിദേശ നിക്ഷേപകർ (എഫ്ഐഐ) സജീവമായി തിരിച്ചെത്തിയതും ജിഡിപി വളർച്ച മെച്ചപ്പെടുമെന്ന ബ്രോക്കറേജുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വിലയിരുത്തലും ഇന്ത്യൻ വിപണിയെ മുന്നോട്ടുനയിച്ചു. കഴിഞ്ഞ 7 വ്യാപാര സെഷനുകളിലായി 10 ശതമാനത്തിനടുത്ത് നേട്ടം ഇന്ത്യൻ വിപണി കുറിച്ചു.
സെപ്റ്റംബറിൽ 35,860 കോടി രൂപയും ഒക്ടോബറിൽ 34,842 കോടി രൂപയും ഇന്ത്യയിൽ നിന്ന് പിൻവലിച്ച വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) നവംബറിൽ ഇതുവരെ 54,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഈ തിരിച്ചുവരവ് ഇന്ത്യൻ വിപണിക്ക് വലിയ കരുത്തായി.
ലോകത്തെ ടോപ് 5 വിപണികൾ:
- യുഎസ്
- ചൈന
- ജപ്പാൻ
- ഹോങ്കോങ്
- ഇന്ത്യ
78 ലക്ഷം കോടി ഡോളറാണ് യുഎസ് ഓഹരി വിപണിയുടെ മൂല്യം. രണ്ടാംസ്ഥാനത്തുള്ള ചൈനപോലും ബഹുദൂരം പിന്നിലാണ്. ചൈനയ്ക്ക് മൂല്യം 19.48 ലക്ഷം കോടി ഡോളർ. 7.81 ലക്ഷം കോടി ഡോളറുമായാണ് ജപ്പാൻ മൂന്നാംസ്ഥാനത്ത് നിൽക്കുന്നത്.
7.41 ലക്ഷം കോടിയാണ് ഹോങ്കോങ് വിപണിയുടെ മൂല്യം. തായ്വാൻ, യുകെ, കാനഡ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നിവയാണ് യഥാക്രമം 6 മുതൽ 10 വരെ സ്ഥാനങ്ങളിൽ 3 ലക്ഷം കോടി മുതൽ 5 ലക്ഷം കോടി ഡോളർ വരെയാണ് ഇവയുടെ മൂല്യം.






