
നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലേക്ക് മാറി. വിപണിയിലെ വിദേശ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപകരുടെയും റോളുകള്‍ പൂര്‍ണ്ണമായും മാറിമറിഞ്ഞു. വിദേശ നിക്ഷേപകര്‍ വിപണി വിട്ടുപോകുമ്പോഴൊക്കെ വര്‍ഷങ്ങളോളം ഇന്ത്യന്‍ വിപണിക്ക് താങ്ങായി നിന്നത് ആഭ്യന്തര ഫണ്ടുകളായിരുന്നു.
പ്രാദേശിക ഓഹരി ഉടമസ്ഥതയുടെ വിഹിതം റെക്കോര്‍ഡ് ഉയരത്തിലെത്തിക്കാനും ഇന്ത്യന്‍ ഓഹരി വിപണിയുടെ തകര്‍ച്ച തടയാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി വിദേശ ഫണ്ടുകള്‍ വിപണിയിലേക്ക് ഒഴുകിയെത്തുമ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ലാഭമെടുക്കുകയാണ് ചെയ്യുന്നത്.
മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിട്ടയര്‍മെന്റ് ഫണ്ടുകള്‍ എന്നിവ കഴിഞ്ഞ ഒന്‍പത് വ്യാപാര ദിനങ്ങളിലും അറ്റ വില്‍പ്പന നടത്തി. നാല് വര്‍ഷത്തിനിടയിലെ ആഭ്യന്തര നിക്ഷേപകരുടെ ഏറ്റവും നീണ്ട വില്‍പ്പന ആണിത്.
ഓഹരി സൂചികകള്‍ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചപ്പോഴാണ് ആഭ്യന്തര നിക്ഷേപകരുടെ ഈ പിന്‍മാറ്റം. നവംബര്‍ ആദ്യം മുതല്‍ സെന്‍സെക്‌സും നിഫ്‌റ്റിയും ഏകദേശം 10 ശതമാനം വീതവും, ബിഎസ്‌ഇ മിഡ്‌ക്യാപ് 150, സ്‌മോള്‍ക്യാപ് 250 സൂചികകള്‍ ഏകദേശം 8 ശതമാനം വീതവും നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 30നും നവംബര്‍ 12നും ഇടയില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 47,662 കോടിയിലധികം രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
തുടര്‍ച്ചയായി 10 വ്യാപാരദിനങ്ങളില്‍ വില്‍പ്പന നടത്തിയ 2022 നവംബറിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വില്‍പ്പന ആണിത്. ഈ പ്രവണത തുടരുകയാണെങ്കില്‍ 2023 ജൂലൈയ്‌ക്ക് ശേഷം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വില്‍പ്പനക്കാരാകുന്ന ആദ്യ മാസമായി നവംബര്‍ മാറിയേക്കാം.
മള്‍ട്ടി-അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍, ബാലന്‍സ്‌ഡ് അഡ്വാന്റേജ് ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയുടെ ലാഭമെടുപ്പും പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരണവുമാണ് ഈ വില്‍പ്പനയ്‌ക്ക് പിന്നിലെന്ന് വിദഗ്‌ധര്‍ പറയുന്നു.
വിപണിയിലെ കുതിപ്പ് ഇവരുടെ ഓഹരി നിക്ഷേപ അനുപാതം വര്‍ദ്ധിപ്പിച്ചതിനാല്‍ നിശ്ചിത അസറ്റ് അലോക്കേഷന്‍ നിലനിര്‍ത്തുന്നതിനായി ലാഭമെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്.
ഈ വര്‍ഷം ഉടനീളം വിപണിക്ക് പ്രധാന പിന്തുണയായി നിന്നത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാണ്.
വിപണിയിലെ തിരുത്തലുകള്‍ക്കിടയിലും സ്ഥിരമായ എസ്‌ഐപി, ഇന്‍ഷുറന്‍സ് നിക്ഷേപങ്ങളുടെ പിന്‍ബലത്തില്‍ 2026ല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 6.5 ലക്ഷം കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്.






