
കൊച്ചി: മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കുള്ള അധിക പലിശനിരക്കിൽ വർദ്ധനവ് വരുത്തി ഫെഡറൽ ബാങ്ക്. നിലവിൽ ലഭിക്കുന്ന 0.50 ശതമാനത്തിനു പകരം 0.60 ശതമാനം പലിശയാണ് സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി മുതൽ അധികമായി ലഭിക്കുക.
ഇതോടെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശനിരക്ക് 7.50 ശതമാനം വരെയായി ഉയർന്നു. 18 മാസം, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുമുള്ള കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും വർധിപ്പിച്ചിട്ടുണ്ട്.
കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സൗകര്യമുള്ള നിക്ഷേപങ്ങൾക്ക് മേൽപ്പറഞ്ഞ കാലയളവിൽ 7.40 ശതമാനം പലിശ ലഭിക്കും. ഇതേ കാലയളവിൽ, ഒരു കോടി രൂപയിൽ കൂടുതലുള്ള, കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സൗകര്യമില്ലാത്ത നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ ലഭിക്കും.
35 മാസത്തേക്കുള്ള ഇത്തരം നിക്ഷേപങ്ങളുടെ ഫലപ്രദ വാർഷിക ആദായം യഥാക്രമം 8.18 ശതമാനവും 8.30 ശതമാനവുമാണ്. ഈ കാലാവധിയിലുള്ള സ്ഥിര നിക്ഷേപ പദ്ധതികൾക്ക് മുതിർന്ന പൗരന്മാർ അല്ലാത്ത പൊതുജനങ്ങൾക്കും (എൻആർഇ/എൻആർഒ നിക്ഷേപങ്ങൾ ഉൾപ്പെടെ) യഥാക്രമം 6.80 ശതമാനവും 6.90 ശതമാനവും വാർഷിക പലിശ ലഭ്യമാണ്.
പുതുക്കിയ നിരക്കുകൾ നവംബർ 12 മുതൽ പ്രാബല്യത്തിലായി. ₹3 കോടിയിൽ താഴെയുള്ള ഒറ്റത്തവണ സ്ഥിര നിക്ഷേപങ്ങൾക്കാണ് ഈ നിരക്കുകൾ ബാധകം.





