
ന്യൂഡൽഹി: അമേരിക്കയുടെ ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഒക്ടോബറിൽ റെക്കോഡ് നിരക്കിലെത്തി. ഒക്ടോബറിൽ 640 കോടി യൂറോയുടെ (ഏകദേശം 58,000 കോടിയിലധികം രൂപ) ഇന്ധനമാണ് ഇന്ത്യ വാങ്ങിയത്.
2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങിയതോടെ 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനം നേടാൻ റഷ്യക്ക് സാധിച്ചതായി സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സി.ആർ.ഇ.എ)പ്രതിമാസ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.
സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 10 ശതമാനത്തിന്റെ വർധനവാണുണ്ടായത്. നയാര എനർജിയുടെ വാഡിനാർ റിഫൈനറി(12 ശതമാനം), റിലയൻസിന്റെ ജാംനഗർ റിഫൈനറി (22 ശതമാനം), ഇന്ത്യൻ ഓയിലിന്റെ പാരദീപ് റിഫൈനറി (28 ശതമാനം) എന്നിവിടങ്ങളിലേക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിച്ചു.
ഒക്ടോബറിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് മുന്നിൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹുർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നത് റഷ്യൻ എണ്ണക്ക് ഡിമാൻഡ് ഉയരാൻ കാരണമായി.






