
മുംബൈ: ഇന്ത്യൻ കാർ വിപണിയെ ഞെട്ടിച്ചുകൊണ്ട് ഹ്യുണ്ടായ് മോട്ടോഴ്സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാം സ്ഥാനം പിടിച്ചു.
മഹീന്ദ്ര ആദ്യമായാണ് ഇന്ത്യൻ കാർ വിപണിയില്‍ രണ്ടാം സ്ഥാനത്തെത്തുന്നത്. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വൻതോതില്‍ ഡിമാൻഡ് ഉയർന്നതാണ് ഥാർ, ഥാർ റോക്സ്, സ്കോർപിയോ എന്നിവയുടെ ഉത്പാദകരായ മഹീന്ദ്രയ്ക്ക് നേട്ടമായത്.
2025 ഫെബ്രുവരിയില്‍ മഹീന്ദ്രയുടെ 50,420 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. മുൻ വർഷം ഫെബ്രുവരിയിലെ 42,401 യൂണിറ്റുകളെ അപേക്ഷിച്ച് 19 ശതമാനം വർധന.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഫെബ്രുവരിയിലെ വില്‍പ്പന 50,201 യൂണിറ്റുകളില്‍നിന്ന് 47,727 യൂണിറ്റുകളായി കുറഞ്ഞു. 1,60,791 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സുസുകി ഒന്നാം സ്ഥാനം നിലനിർത്തി.