കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടമായി കാക്കനാട്ടേക്ക് ആസൂത്രണം ചെയ്യുന്ന റൂട്ടിന്റെ നിര്മാണം ഉടന് തുടങ്ങുമെന്ന് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) മാനേജിങ് ഡയറക്ടര് ലോക്നാഥ് ബെഹ്റ പറഞ്ഞു. നിര്മാണക്കരാര് അടുത്തയാഴ്ച നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോയ്ക്ക് അനുബന്ധമായി ഒട്ടേറെ വികസനപദ്ധതികള് നടക്കുന്നുണ്ട്. ഇതില് പ്രധാനപ്പെട്ട ഒന്നാണ് കലൂര് ജവാഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നിന്ന് കാക്കനാട് ഇന്ഫോപാര്ക്ക് വരെയുള്ള രണ്ടാംഘട്ടം.
നിര്മാണം തുടങ്ങി 18 മാസത്തിനുള്ളില് പദ്ധതി പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില് മുന്നൊരുക്കപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നുണ്ട്.
ബെയ്ജിങ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഏഷ്യന് ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ബാങ്കാണ് (എ.ഐ.ഐ.ബി.) മെട്രോയ്ക്ക് രണ്ടാംഘട്ടത്തിന് വായ്പ നല്കാന് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമെന്നത് നിലനിര്ത്തിക്കൊണ്ടുപോകുന്നതിനാണ് ശ്രമം. യാത്രക്കാരെ ആകര്ഷിക്കുന്നതിന് കൂടുതല് കാമ്പയിനുകളുള്പ്പെടെ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി.
വരുമാന വര്ധന ലക്ഷ്യമിട്ടുള്ള പദ്ധതികളും മെട്രോയുടെ നേതൃത്വത്തില് നടപ്പാക്കുകയാണ്. പരസ്യവരുമാനത്തിലൂടെ നേട്ടമുണ്ടാക്കാന് മെട്രോയ്ക്ക് കഴിയുന്നുണ്ട്. മെട്രോ സ്റ്റേഷനുകള് സിനിമ, പരസ്യചിത്രീകരണങ്ങള്ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതേരീതിയില് വാട്ടര്മെട്രോയും ഉപയോഗപ്പെടുത്തും. എന്നാല് ബോട്ടുകളുടെ എണ്ണം കുറവായതിനാല് ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള്ക്ക് ബോട്ടുകള് കൂടുതലായി നല്കാനാകുന്നില്ല.
കൊച്ചി കപ്പല്ശാലയില് നിന്ന് നിലവില് 14 ബോട്ടുകള് മാത്രമാണ് മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ബോട്ടുകള് ലഭിക്കുന്നതിനനുസരിച്ച് കുമ്പളം, വില്ലിങ്ടണ് ഐലന്ഡ്, പാലിയംതുരുത്ത്, കടമക്കുടി തുടങ്ങിയ റൂട്ടുകളിലേക്ക് സര്വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.