പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഐടിആർ ഫയൽ ചെയ്തവർക്ക് പലർക്കും ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടാകാം.
എന്നാൽ ഇനിയും റീഫണ്ട് ലഭിക്കാത്തവർ ശ്രദ്ധിക്കണം, നിങ്ങളുടെ നികുതി റിട്ടേൺ പരിശോധിച്ചുറപ്പിക്കാത്തത് മുതൽ ഐടിആറിൽ തെറ്റായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ സൂചിപ്പിച്ചിരിക്കുന്നത് വരെ ഇതിന് കരണങ്ങളാകാം.
ആദായ നികുതി ഫയൽ ചെയ്തിട്ട് റീഫണ്ട് ഇതുവരെ ലഭിച്ചില്ല? കാരണങ്ങൾ ഇതാകാം.
- ആദായ നികുതി റിട്ടേൺ റീഫണ്ട് ലഭിക്കാത്തതിന്റെ ഒരു കാരണം ആദായ നികുതി വകുപ്പ് നിങ്ങളുടെ റിട്ടേൺ പരിശോധിക്കാത്തത് കൊണ്ടാകാം. റിട്ടേൺ പരിശോധിച്ചിട്ടില്ലെങ്കിൽ ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാകില്ല
- നിങ്ങളുടെ നികുതി റിട്ടേൺ ഇപ്പോഴും പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കാം. ആദായ നികുതി വകുപ്പ് ഈ ഘട്ടം പൂർത്തിയാക്കിയാൽ, റീഫണ്ട് ജനറേറ്റ് ചെയ്യും.
- തെറ്റായ വിവരങ്ങൾ കാരണം നികുതികളിൽ പൊരുത്തക്കേട് ഉണ്ടായാൽ, റീഫണ്ട് വൈകിയേക്കാം.
- നിങ്ങളുടെ ക്ലെയിമിനെ പിന്തുണയ്ക്കുന്നതിന് ആദായ നികുതി വകുപ്പിന് കൂടുതൽ രേഖകൾ ആവശ്യമാണെങ്കിൽ റീഫണ്ട് വൈകും. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പ്രോസസ്സ് ചെയ്തതിന് ശേഷം മാത്രമേ പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുള്ളൂ.
- നികുതിയിൽ കുടിശ്ശിക വരുത്തിയാൽ റീഫണ്ട് വൈകും. നികുതി റീഫണ്ട് പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ മുൻ ബാധ്യതകൾ അടയ്‌ക്കേണ്ടി വരും.
- തെറ്റായ/അസാധുവായ ബാങ്ക് അക്കൗണ്ട് ആണെങ്കിൽ റീഫണ്ട് ലഭിക്കില്ല. ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുൻകൂട്ടി വാലിഡേറ്റ് ചെയ്യുന്നത് നിർബന്ധമാണ്. അത് ചെയ്തില്ലെങ്കിൽ, അല്ലെങ്കിൽ തെറ്റായ ബാങ്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, റിട്ടേൺ പ്രോസസ്സ് ചെയ്യില്ല.
- പാൻ കാർഡും ആധാറും തമ്മിൽ ബാധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. ഇങ്ങനെ അസാധുവായ പാൻ കാർഡ് ഉടമകൾക്ക് റീഫണ്ട് ലഭിക്കണമെന്നില്ല