
പറക്കും ടാക്‌സിക്കായി പണം മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ. അവരുടെ സാമ്പത്തിക നിക്ഷേപ വിഭാഗമായ ഇന്‍ഡിഗോ വെഞ്ചേഴ്‌സ് വഴി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ള ഏവിയേഷനില്‍ 10 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ജനുവരിയില്‍ നടത്തിയ ഈ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.
വിദേശത്തു നിന്നും സാങ്കേതികവിദ്യ പണം കൊടുത്തു വാങ്ങുന്നതിനു പകരം ഇന്ത്യയില്‍ തന്നെ തുടങ്ങാനാണ് ഇന്‍ഡിഗോയുടെ പദ്ധതി. നിരവധി അനുമതികളുടെ കൂടി ആവശ്യമുള്ളതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പറക്കും ടാക്‌സികള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ നേരിട്ട് ഒരു സ്റ്റാര്‍ട്ട് അപ്പില്‍ പണം നിക്ഷേപിക്കുന്നത് ഈ മേഖലയുടെ തന്നെ വിശ്വാസ്യതയെ വര്‍ധിപ്പിക്കുന്നുണ്ട്.
നേരത്തെ 2023 നവംബറിലും ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് പറക്കും ടാക്‌സിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്ന് ആര്‍ച്ചര്‍ ഏവിയേഷനുമായി സഹകരിച്ച് ഡല്‍ഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളില്‍ 2026ഓടെ പറക്കും ടാക്‌സികള്‍ അവതരിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ സമയപരിധിയില്‍ നടപ്പാവില്ലെന്ന് വന്നതോടെ ആ പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു.
ഈയൊരു ശ്രമം പരാജയപ്പെട്ടെങ്കിലും ഇന്‍ഡിഗോ പറക്കും ടാക്‌സിയെന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. തദ്ദേശീയമായി നിര്‍മിക്കുന്ന സാങ്കേതികവിദ്യയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം. ആധുനിക യാത്രാ സംവിധാനത്തിന്റെ ഭാഗമാവുക എന്നതിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പിനെ പിന്തുണക്കുകയെന്ന ലക്ഷ്യവും ഇന്‍ഡിഗോയുടെ പുതിയ നീക്കം വഴി സാധിക്കുന്നുണ്ട്.
ശൂന്യ എന്ന വൈദ്യുത വിമാനമാണ് സര്‍ള ഏവിയേഷന്‍ വികസിപ്പിക്കുന്നത്. പൈലറ്റിനെ കൂടാതെ ആറു പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക. പരമാവധി 680 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും. 2028ല്‍ ബെംഗളുരുവില്‍ നിന്നും സര്‍വീസ് ആരംഭിക്കാനാണ് ശ്രമം.
വിമാനത്താവളങ്ങളെ ആശ്രയിക്കാതെ ഹോട്ടലുകളിലേയും ആശുപത്രികളിലേയും ടെക് പാര്‍ക്കുകളിലേയുമെല്ലാമുള്ള ഹെലിപാഡുകള്‍ ഉപയോഗിക്കാനാണ് ഇവരുടെ പദ്ധതി.
2025ല്‍ ആക്‌സലിന്റെ നേതൃത്വത്തില്‍ ബിന്നി ബന്‍സാല്‍, നിഖില്‍ കാമത്ത്, ശ്രീഹര്‍ഷ മാജെറ്റി തുടങ്ങിയ പ്രമുഖര്‍ ഒരു കോടി ഡോളര്‍ സര്‍ള ഏവിയേഷനില്‍ നിക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ ഇന്‍ഡിഗോയുടെ പത്ത് കോടി രൂപയുടെ നിക്ഷേപവും എത്തിയിരിക്കുന്നു. ഈ നിക്ഷേപം ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സര്‍ട്ടിഫിക്കേഷനുമെല്ലാം ഒരേസമയം വികസിപ്പിക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ആദ്യ പറക്കും ടാക്‌സി യാത്രികരുമായി പറന്നുയരുന്നതിന് മുന്‍പ് തന്നെ മാതൃകകള്‍ നിര്‍മിക്കാനും പരീക്ഷണ പറക്കലുകള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ഗ്രൗണ്ട് ഓപറേഷനുകള്‍ക്കുമെല്ലാം വലിയ തുക ആവശ്യമാണ്. സാമ്പത്തികമായ നിക്ഷേപം എന്നതിനേക്കാള്‍ ഇന്‍ഡിഗോയെ പോലെ ദശകങ്ങള്‍ പരിചയമുള്ള ഒരു വ്യോമയാന കമ്പനിയുടെ ഇടപെടലുകള്‍ സര്‍ള ഏവിയേഷന് നല്‍കുന്ന കരുത്ത് ചെറുതല്ല.
ദീര്‍ഘദൂര യാത്രകള്‍ക്ക് പകരം നഗരത്തിനുള്ളിലെ ചെറിയ ദൂരത്തേക്കുള്ള യാത്രകള്‍ക്കാണ് സര്‍ള ഏവിയേഷന്റെ പറക്കും ടാക്‌സി മുന്‍ഗണന നല്‍കുന്നത്. ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, ബിസിനസ് കേന്ദ്രങ്ങള്‍, ഐടി കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെയുള്ളവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസ് ബെംഗളുരു പോലെ ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തില്‍ വലിയ ആശ്വസമായിരിക്കും.
ഇന്‍ഡിഗോക്ക് ഭാവിയില്‍ പ്രീമിയം യാത്രികരേയും മെഡിക്കല്‍ സര്‍വീസുകളേയും ഇതുവഴി ഉപയോഗിക്കാനാവും. തിരിച്ച് സര്‍ളക്ക് ഇന്‍ഡിഗോ നല്‍കുന്ന വിശ്വാസ്യതും ആധികാരികതയും ഭാവിയില്‍ ഗുണമാവുകയും ചെയ്യും.
2025ല്‍ ബെംഗളുരു വിമാനത്താവളത്തില്‍ 4.38 കോടി യാത്രികരാണ് വന്നുപോയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനമാണ് യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്. രാജ്യാന്തര യാത്രികരുടെ എണ്ണത്തിലാണെങ്കില്‍ 28.7 ശതമാനമായി വളര്‍ച്ച.
ഇത്രയേറെ യാത്രികരില്‍ നിന്നും പ്രീമിയം സേവനങ്ങള്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനും ബുദ്ധിമുട്ടേണ്ടി വരില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പറക്കും ടാക്‌സി സേവനത്തിന്റെ ആദ്യ പരീക്ഷണശാലയാവാന്‍ ഏറ്റവും യോജിച്ച നഗരം ബെംഗളുരുവാണെന്ന് പറയാനുമാവും. എങ്കിലും പലതരത്തിലുള്ള വെല്ലുവിളികളും പറക്കും ടാക്‌സികള്‍ നേരിടുന്നുണ്ട്.
സുരക്ഷാ പരിശോധനകള്‍, സര്‍ക്കാര്‍ അനുമതികള്‍, പ്രവര്‍ത്തന ചിലവ് എന്നിവയാണ് ഇതില്‍ പ്രധാനം.






