
ന്യൂഡല്‍ഹി: വിലയിടിവ്, സാധാരണ മണ്‍സൂണിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ജൂലൈയില്‍ ആഗോള വിപണികളെ മറികടന്നു. പ്രകടന മികവില്‍ നസ്ദാഖ് മാത്രമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിന് മുന്നിലെത്തിയത്. മൃദുവായ കേന്ദ്രബാങ്ക് നയങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും വിപണികളെ ഉയര്‍ത്തി.
ബ്‌ളൂംബര്‍ഗ് ഡാറ്റ പ്രകാരം, ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും ജൂലൈയില്‍ 9.5% വീതമാണ് ഉയര്‍ന്നത്. അതേസമയം,നാസ്ഡാക്ക് കോമ്പോസിറ്റിന് ഏകദേശം 12 ശതമാനത്തിന്റെ നേട്ടം കൈവരിക്കാനായി. എസ്ആന്റ്പി 500 -8.1%, നിക്കൈ225- 6.1%, സ്‌ട്രെയിറ്റ്‌സ് ടൈം സൂചിക -5%, ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ്, സിഎസി 40 എന്നിവ- 5% വീതം, ഐബോവെസ്പ ബ്രസീലും എഫ്ടിഎസ്ഇ 100 ഉം ഏകദേശം 5% വീതം,ഫിലിപ്പീന്‍സ്, കൊറിയന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബെഞ്ച്മാര്‍ക്കുകള്‍ 3% വീതം,ഡോയിഷ് ബോഴ്‌സെ എജി, എഫ്ടിഎസ്ഇ ബര്‍സ മലേഷ്യ, ജക്കാര്‍ത്ത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ദക്ഷിണാഫ്രിക്ക ടോപ്പ് 40, തായ്‌ലന്‍ഡ് എന്നിവ 13% വീതം എന്നിങ്ങനെയാണ് മറ്റ് ആഗോള സൂചികകളുടെ പ്രകടനങ്ങള്‍.
ഹോങ്കോങ്ങിന്റെ ഹാങ് സെങ്, ഷാങ്ഹായ്, തായ്‌വാനീസ് ഇക്വിറ്റി മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കുകള്‍ എന്നിവ 2% മുതല്‍ 10% വരെ ഇടിവ് നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) ജൂലൈയില്‍ അറ്റ വാങ്ങല്‍കാരായി മാറിയത് വിപണിയെ തുണയ്ക്കുകയായിരുന്നു. 650 മില്യണ്‍ ഡോളറിന്റെ ഓഹരികളാണ് അവര്‍ വാങ്ങിയത്.
ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും ജൂലൈയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു. 100 മില്യണ്‍ ഡോളറിനും 3 ബില്യണ്‍ ഡോളറിനുമിടയിലുള്ള വിദേശ നിക്ഷേപമാണ് ഈ രാജ്യങ്ങള്‍ ആകര്‍ഷിച്ചത്. ഇതുവരെയുള്ള കോര്‍പറേറ്റ് ഫലങ്ങളും മികച്ചതായിരുന്നു.
എന്‍എസ്ഇ500 ലെ 45 ശതമാനം കമ്പനികള്‍ വരുമാനത്തില്‍ 35% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇബിറ്റ, അറ്റാദായം എന്നിവ യഥാക്രമം 21%, 20% വാര്‍ഷിക വര്‍ദ്ധനവാണ് കൈവരിച്ചത്. ബാങ്കുകള്‍, മൂലധന വസ്തുക്കള്‍, ഉപഭോഗം തുടങ്ങിയ ചാക്രിക മേഖലകള്‍ വളര്‍ച്ചയെ നയിച്ചപ്പോള്‍ ലോഹം, വിവരസാങ്കേതികവിദ്യ (ഐടി), സിമന്റ് മേഖലകള്‍ സങ്കോചിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം വെള്ളിയാഴ്ച വരാനിരിക്കെ വിപണി വിദഗ്ധര്‍ ജാഗരൂകരാണ്. 25-50 ബിപിഎസ് നിരക്ക് വര്‍ദ്ധനവാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ, റിപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് (ബിപിഎസ്) ഇതിനോടകം വര്‍ധിപ്പിച്ചിട്ടുണ്ട്.