ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് വിദേശത്ത് കയറ്റുമതി ചെയ്യുന്നതിൽ വലിയ കുതിപ്പുണ്ടാകുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ഏകദേശം 12 ലക്ഷത്തോളം വാഹനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങി ആഭ്യന്തര വിപണിയിലെ ആദ്യ സ്ഥാനക്കാർ തന്നെയാണ് കയറ്റുമതിയിലും മുന്നിൽ. എന്നാൽ, വമ്പൻ വാഹനവിപണിയായ ജപ്പാനിലേക്ക് എത്തുന്ന വാഹനങ്ങളുടെ പട്ടികയിൽ ഹോണ്ടയുമുണ്ട്.
സുസുക്കി, ഹോണ്ട എന്നീ വാഹന നിർമാതാക്കളുടെ മാതൃരാജ്യമായ ജപ്പാനിലേക്ക് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്തിട്ടുള്ള മോഡലുകൾ മാരുതി സുസുക്കി ഫ്രോങ്സ്, ഹോണ്ട എലിവേറ്റ് എന്നിവയാണ്.
ജപ്പാനിലേക്ക് ഇന്ത്യൻ നിർമിത വാഹനങ്ങൾ എത്തിക്കുന്നത് ചുരുക്കമാണെങ്കിലും ഈ രണ്ട് വാഹനങ്ങൾക്കും ഉയർന്ന കയറ്റുമതിയാണ് ഉള്ളത്. കഴിഞ്ഞ മാസമാണ് ഫ്രോങ്സ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. ഇന്ത്യൻ നിർമിത മാരുതി സുസുക്കി ബലേനൊ 2016 മുതൽ ജപ്പാനിലേക്ക് എത്തിക്കുന്നുണ്ട്.
ജപ്പാനിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന മറ്റൊരു ഇന്ത്യൻ മോഡൽ ഹോണ്ടയുടെ എലിവേറ്റ് എസ്.യു.വിയാണ്. ഇക്കഴിഞ്ഞ മാർച്ച് മാസത്തോടെയാണ് ഹോണ്ട ഇന്ത്യൻ നിർമിത എലിവേറ്റ് ജപ്പാനിലേക്ക് കയറ്റി അയയ്ക്കാൻ തുടങ്ങിയത്.
ഹോണ്ട ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനം എന്ന ഖ്യാതിയും എലിവേറ്റ് എസ്.യു.വിക്കുണ്ട്. ഇന്ത്യയിൽ നിന്ന് എലിവേറ്റ് ആയാണ് കയറ്റുമതി ചെയ്യുന്നതെങ്കിലും ജപ്പാനിൽ ഈ വാഹനം ഡബ്ല്യു.ആർ-വി എന്ന പേരിലാണ് ഹോണ്ട വിപണിയിൽ എത്തിക്കുന്നത്.
ഇന്ത്യയിൽ രണ്ട് എൻജിൻ ഓപ്ഷനിൽ എത്തിയിട്ടുള്ള വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്സ്. 7.51 ലക്ഷം രൂപ മുതൽ 13.03 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
89.73 പി.എസ്. പവറും 113 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിൻ, 100 പി.എസ്. പവറും 148 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് ടർബോ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് ഫ്രോങ്സ് എത്തുന്നത്.
അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
ആദ്യമായി ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഹോണ്ട തിരഞ്ഞെടുത്ത വാഹനമാണ് എലിവേറ്റ്. 1.5 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമാണ് ഈ വാഹനം ഇന്ത്യയിൽ എത്തിയിട്ടുള്ളത്.
ഈ എൻജിൻ 121 ബി.എച്ച്.പി. പവറും 145 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയർ ബോക്സുകൾ ഈ മോഡലിൽ ട്രാൻസ്മിഷൻ ഒരുക്കുന്നുണ്ട്.
11.69 ലക്ഷം രൂപ മുതൽ 16.72 ലക്ഷം രൂപ വരെയാണ് എലിവേറ്റിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.