
ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സും അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മോട്ടോഴ്‌സിന്റെ മാതൃസ്ഥാപനമായ സ്റ്റെല്ലാന്റിസും തമ്മിൽ കൈകോർക്കുന്നു. ഈ സഹകരണത്തിന്റെ ഭാഗമായി 2028-ൽ ജീപ്പ് പുറത്തിറക്കുന്ന ഒരു എസ്‌യുവിക്കായി പ്ലാറ്റ്‌ഫോം നൽകുന്നത് ടാറ്റ മോട്ടോഴ്‌സ് ആയിരിക്കുമെന്നാണ് സ്റ്റെല്ലാന്റിസ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ 2026-ലെ നിക്ഷേപക ദിനത്തിന്റെ ഭാഗമായായിരുന്നു ഈ പ്രഖ്യാപനം.
ഉത്പാദന ചെലവ് കുറഞ്ഞ ഒരു വാഹന നിർമാണ ഹബ്ബായാണ് സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് ഇന്ത്യയെ പരിഗണിച്ചിരിക്കുന്നത്. ഭാവിയിൽ ന്യൂ എനർജി വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതും ഈ അമേരിക്കൻ കമ്പനിയുടെ പരിഗണനയിലുണ്ട്. ടാറ്റയുടെ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ജീപ്പ് എസ്‌യുവി ഇന്ത്യയിൽ നിർമിക്കുകയും 50 വിദേശ രാജ്യങ്ങളിലേക്ക് ഇവിടെനിന്നു കയറ്റുമതി ചെയ്യുകയും ചെയ്യാനാണ് സ്റ്റെല്ലാന്റിസ് പദ്ധതിയിട്ടിരിക്കുന്നത്.
20 വർഷത്തിലേറെയായി സ്റ്റെല്ലാന്റിസുമായി ടാറ്റ മോട്ടോഴ്‌സ് സഹകരിക്കുന്നുണ്ട്. എന്നാൽ, ഇത്തവണ ടാറ്റ-സ്റ്റെല്ലാന്റിസ് സംയുക്ത സംരഭത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യുന്ന ഒരു ജീപ്പ് എസ്‌യുവി വികസിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് ഒരു പ്ലാറ്റ്‌ഫോം നൽകും. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ എന്നതാണ് ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും സഹകരിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്നും സ്റ്റെല്ലാന്റിസ് അറിയിച്ചു.
പ്രദേശിക കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ ചെലവിൽ ജീപ്പ് എഷ്യൻ മേഖലയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന അഞ്ച് വാഹനങ്ങളിൽ ഒന്നായിരിക്കും ടാറ്റ മോട്ടോഴ്‌സിന്റെ പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിൽ ഒരുങ്ങുന്ന എസ്‌യുവി. അതേസമയം, ഏത് പ്ലാറ്റ്‌ഫോമാണ് ജീപ്പിന് നൽകുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തിടെ ടാറ്റ പുറത്തിറക്കിയ സിയേറയ്ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കാം ഇതെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
സാങ്കേതികമായി ജീപ്പ് വാഹനങ്ങൾ ഏറ്റവും അനുയോജ്യമായ പ്ലാറ്റ്‌ഫോമാണ് സിയേറയുടേത് എന്നാണ് വിലയിരുത്തൽ. ഓൾ വീൽ ഡ്രൈവ്, ഇലക്ട്രിക് തുടങ്ങിയ വാഹനങ്ങൾക്ക് ഈ പ്ലാറ്റ്ഫം ഇണങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.
ജീപ്പ്, ഇന്ത്യക്കായി പ്രഖ്യാപിച്ചിട്ടുള്ള 2.0 വിപണി തന്ത്രത്തിന്റെ ഭാഗമായി 2027-ൽ ഒരു എസ്‌യുവി അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ടാറ്റയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലേയും കയറ്റുമതിയിലും വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് സ്റ്റെല്ലാന്റിസ് കരുതുന്നത്.






