
ന്യൂഡൽഹി: രാജ്യത്ത് 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ‘പ്ലഗ് ആൻഡ് പ്ലേ’ രീതിയിലുള്ള പാർക്കുകളാണ് തുടങ്ങുക. ഇതിനായുള്ള മാർഗ നിർദേശങ്ങളും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി. 33,360 കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്നാണ് കരുതുന്നത്.
സംരംഭങ്ങൾക്ക് അതിവേഗത്തിൽ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയ പാർക്കുകളായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത്. ആദ്യ ഘട്ടമായി 50 പാർക്കുകൾക്കാണ് അനുമതി നൽകുക. 10 ഏക്കർ മുതൽ 1000 ഏക്കർ സ്ഥലത്തായിരിക്കും ഓരോ പാർക്കുകളും സ്ഥാപിക്കുന്നത്. ഇതിനു വേണ്ട ഭൂമിയേറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.
അടിസ്ഥാന സൗകര്യം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രഫണ്ട് ലഭിക്കും. ഏക്കറൊന്നിന് ഒരു കോടി രൂപ വീതമാണ് കേന്ദ്രസർക്കാർ സഹായമായി ലഭിക്കുക. ഇനി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ഭൂമി വില ഏക്കറിന് ഒരു കോടിരൂപയേക്കാൾ കുറവാണെങ്കിൽ ആനുപാതികമായി കേന്ദ്രസഹായവും കുറയും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയും സംസ്ഥാനങ്ങൾക്ക് പാർക്കു തുടങ്ങാൻ വ്യവസ്ഥയുണ്ട്. കേന്ദ്രസഹായം ഇവിടെയും കുറയുമെന്നു മാത്രം.
പാർക്കുകൾക്കുള്ളിലെ റോഡുകൾ, ഡ്രെയിനേജ് സംവിധാനം, ജലശുദ്ധീകരണ ശാലകൾ, വെയർ ഹൗസുകൾ, ടെസ്റ്റിങ് ലാബുകൾ, ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ നിർമിക്കാനാണ് കേന്ദ്രഫണ്ട് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ പദ്ധതി പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം അടക്കമുള്ള കാര്യങ്ങൾക്ക് കേന്ദ്രസഹായത്തിന്റെ 25 ശതമാനം ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്.
പാർക്കുകൾക്കു വേണ്ടി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിശദമായ പദ്ധതിരേഖ സമർപ്പിക്കണമെന്നും കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആദ്യ 20 പാർക്കുകൾക്ക് രണ്ടു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. അതിവേഗത്തിൽ ഇവയ്ക്ക് അനുമതി നൽകും. അടുത്ത 30 പാർക്കുകൾക്കു വേണ്ടി അപേക്ഷിക്കാൻ അടുത്ത ഘട്ടത്തിലാണ് അവസരം.
നാലു മാസത്തിനുള്ളിൽ 50 പാർക്കുകൾക്ക് അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച വ്യവസായ പാർക്കുകളിലൊന്ന് കേരളത്തിന് ലഭിച്ചിരുന്നു. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാടാണ് വ്യവസായ സ്മാർട്ട് സിറ്റി ഉയരുന്നത്.
സമാന മാതൃകയിൽ കേരളത്തിന് വ്യവസായ പാർക്ക് അനുവദിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.






