കോട്ടയം: കേരളത്തിൽ ചൂടു കൂടുന്നതു റബർപാൽ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റബർ ഗവേഷണകേന്ദ്രത്തിന്റെ പഠന റിപ്പോർട്ട്. 29 ഡിഗ്രി സെൽഷ്യസ് മുതൽ 34 ഡിഗ്രി വരെയാണു റബർ വളരാൻ ഏറ്റവും ഉത്തമമായ കാലാവസ്ഥ.
പാലുൽപാദനം വർധിക്കാൻ ഏറ്റവും യോജ്യമായ കുറഞ്ഞ താപനില ശരാശരി 22.8 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 30.4 ഡിഗ്രിയുമാണ്. എന്നാൽ, കഴിഞ്ഞ വർഷം കോട്ടയത്തു 149 ദിവസങ്ങളിൽ ചൂട് 34 ഡിഗ്രി സെൽഷ്യസിലും കൂടുതലായിരുന്നുവെന്നു ഗവേഷണകേന്ദ്രം ഡയറക്ടർ ഇൻ ചാർജ് ഡോ. എം.ഡി.ജെസി പറഞ്ഞു.
1963 മുതൽ താപനിലയിൽ വന്ന മാറ്റമാണു ഗവേഷണ കേന്ദ്രം പഠിച്ചത്. 1963ൽ 34 ഡിഗ്രിക്കു മുകളിൽ താപനില ഉയർന്ന ദിവസങ്ങളില്ല. 1993ൽ 63 ദിവസവും 2013ൽ 102 ദിവസവും 34 ഡിഗ്രിക്കു മുകളിലേക്കു ചൂടുയർന്നു. കോട്ടയത്താണു ചൂട് ഏറ്റവുമധികം ഉയർന്നത്. 1993ൽ 4 ദിവസം 36 ഡിഗ്രിക്കു മുകളിൽ ഉയർന്നു. 2013ൽ 9 ദിവസവും കഴിഞ്ഞ വർഷം 42 ദിവസവും ചൂട് 36 ഡിഗ്രിക്കു മുകളിലായി. കഴിഞ്ഞ വർഷം 9 ദിവസം 37 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുയർന്നു.
താപനില വർധന വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത രീതിയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ റബർപാൽ ഉൽപാദനത്തെ ബാധിക്കുന്നതും വ്യത്യസ്തമായാണ്.
ഉയർന്ന താപനിലയിൽ ഒരു ശതമാനം മാത്രം വർധന തുടർന്നാൽ റാന്നിയിൽ 7% വരെ റബർപാൽ ഉൽപാദനം കുറയും. എന്നാൽ കണ്ണൂരിലെ പടിയൂരിൽ ഇതു 4 ശതമാനമേ ബാധിക്കൂ.
ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള റബറിനങ്ങൾ നട്ടുപിടിപ്പിക്കുക, തോട്ടങ്ങളിലെ താപനില ഉയരാതെ സൂക്ഷിക്കുക എന്നിവയാണു പ്രതിവിധിയായി ഗവേഷണകേന്ദ്രം നിർദേശിക്കുന്നത്.