
തിരുവനന്തപുരം: 15-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപനരേഖ പുറത്തിറക്കി ആസൂത്രണ ബോർഡ്. 2027-32 വര്ഷങ്ങളിലേക്കുള്ള പദ്ധതിയുടെ കരട് രേഖയാണ് പുറത്തിറക്കിയത്. കടുത്ത സാമ്പത്തികപ്രതിസന്ധി, യുവജങ്ങളുടെ കുടിയേറ്റം, അതിവേഗം വർധിച്ചുവരുന്ന വയോജന ജനസംഖ്യ തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ.
പുതുയുഗ കേരളം എന്നാണ് കരട് നയരേഖയുടെ പേര്. 2032 ആകുമ്പോഴേക്കും കേരളത്തെ 28 ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക, പ്രതിവർഷം 7% വളർച്ചാ നിരക്ക് കൈവരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് രേഖയിൽ ഉള്ളത്.
റവന്യു വരുമാനത്തിന്റെ 77.6% തുകയും ശമ്പളം, പെൻഷൻ, പലിശ എന്നീ ചെലവുകൾക്കായി നീക്കിവെക്കേണ്ടി വരികയാണ്. 48 ,733 കോടി രൂപയാണ് കുടിശ്ശിക. കണക്കുകൾ ഇങ്ങനെ സങ്കീർണമായിരിക്കെ, സർക്കാർ പദ്ധതികളെ മാത്രം വികസനത്തിന് ആശ്രയിക്കുന്നതിന് പകരം സ്വകാര്യ, സഹകരണ, കേന്ദ്ര, പ്രവാസി മൂലധനം സമാഹരിക്കും.
പ്രവാസികളുടെ നിക്ഷേപവും പ്രവസിക്കാനാവുമെല്ലാം ഉൽപ്പാദനക്ഷമമായ പദ്ധതികളിലേക്ക് തിരിച്ചുവിടാനും ആലോചനയുണ്ട്. ഇതിനായി പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുകയും പ്രവാസി ഗ്രാമസഭകൾ, സിറ്റി ഇൻവെസ്റ്റ്മെന്റ് മീറ്റുകൾ എന്നിവയും സംഘടിപ്പിക്കും.
ഉപയോഗശൂന്യമായ സർക്കാർ കെട്ടിങ്ങളും ഭൂമിയും കണ്ടെത്തി പാട്ടത്തിന് നൽകി വരുമാനം കണ്ടെത്തുമെന്നും ന്യായവില പരിഷ്കരിക്കുമെന്നും രേഖയിലുണ്ട്.
വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എന്നതിൽ വലിയ വർദ്ധനവ് ഉണ്ടായതായും രേഖയിലുണ്ട്. ഈ ഒഴുക്ക് നിയന്ത്രിക്കാൻ മികച്ച നിലവാരം പുലർത്തുന്ന, അക്രഡിറ്റേഷനുകൾ ഉള്ള കേരളത്തിൽ കോളേജുകൾക്ക് സർവകലാശാലകളായി മാറാൻ അനുമതി നൽകും. എന്നാൽ ഫീസും സീറ്റുകളും സർക്കാർ ആകും നിയന്ത്രിക്കുക.
നിർമിത ബുദ്ധി, ഡാറ്റ സാക്ഷരത, കാലാവസ്ഥ സാക്ഷരത എന്നിവ ഉൾപ്പെടുത്തും. വിദ്യാർത്ഥികൾ കുറവുള്ള കോഴ്‌സുകൾ നിർത്തുകയോ ഏകീകരിക്കുകയോ ചെയ്യുമെന്നും രേഖയിൽ പറയുന്നുണ്ട്.






