സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

പരിധി വെച്ചിട്ടും എസ്‌എംഇ ഐപിഒകളുടെ പ്രീമിയം കുതിക്കുന്നു

മുംബൈ: എസ്‌എംഇ ഐപിഒകളുടെ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നിട്ടും ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം കുതിച്ചുയരുന്നു.

നാളെ ലിസ്റ്റ്‌ ചെയ്യാനിരിക്കുന്ന രണ്ട്‌ എസ്‌എംഇ ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 100 ശതമാനത്തിന്‌ മുകളിലാണ്‌.

ഗണേഷ്‌ ഗ്രീന്‍ ഭാരത്‌, എഫ്‌വ ഇന്‍ഫ്ര റിസര്‍ച്ച്‌ എന്നീ എസ്‌എംഇ ഐപിഒകളാണ്‌ ജൂലായ്‌ 12ന്‌ ലിസ്റ്റ്‌ ചെയ്യാനിരിക്കുന്നത്‌. എഫ്‌വ ഇന്‍ഫ്ര റിസര്‍ച്ച്‌ 156 ശതമാനവും ഗണേഷ്‌ ഗ്രീന്‍ ഭാരത്‌ 126 ശതമാനവും പ്രീമിയത്തോടെയാണ്‌ നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌.

നിലവില്‍ പല എസ്‌എംഇ ഐപിഒകളും ലിസ്റ്റിംഗില്‍ അസാധാരണ പ്രീമിയമാണ്‌ കൈവരിക്കുന്നത്‌. 200ഉം 300ഉം ശതമാനം നേട്ടത്തോടെയാണ്‌ ചില എസ്‌എംഇ ഐപിഒകള്‍ ഈയിടെ ലിസ്റ്റ്‌ ചെയ്‌തത്‌.

ഈ സാഹചര്യത്തിലാണ്‌ ലിസ്റ്റിംഗ്‌ സെഷനില്‍ ഇഷ്യു വിലയുടെ 90 ശതമാനം മാത്രമേ പരമാവധി അധികമായി വരാവൂ എന്ന നിബന്ധന കഴിഞ്ഞയാഴ്‌ച മുതല്‍ എന്‍എസ്‌ഇ കൊണ്ടുവന്നത്‌.
അതേ സമയം മെയിന്‍ ബോര്‍ഡ്‌ ഐപിഒകള്‍ക്ക്‌ ഈ നിബന്ധന ബാധകമല്ല.

ലിസ്റ്റ്‌ ചെയ്യുന്ന ദിവസം തന്നെ എസ്‌എംഇ ഐപിഒകള്‍ പല മടങ്ങ്‌ നേട്ടം നല്‍കുന്ന മള്‍ട്ടിബാഗറുകളായി മാറുന്ന സാഹചര്യത്തിലാണ്‌ എന്‍എസ്‌ഇയുടെ ഇടപെടല്‍ ഉണ്ടായത്‌.

അതേ സമയം 90 ശതമാനം ലിസ്റ്റിംഗ്‌ നേട്ടം എന്ന പരിധി ഉണ്ടെങ്കിലും ലിസ്റ്റിഗിനു ശേഷം ഓഹരിയുടെ വില ഉയരുന്നത്‌ തുടരാവുന്നതാണ്‌. ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയത്തിന്‌ അനുസരിച്ചുള്ള ഡിമാന്റ്‌ ലിസ്റ്റിംഗിനു ശേഷവും ഈ ഓഹരികളിലുണ്ടാകാം.

എന്‍എസ്‌ഇ ലിസ്റ്റിംഗ്‌ നേട്ടത്തില്‍ പരിധി ഏര്‍പ്പെടുത്തിയതിനു ശേഷം ലിസ്റ്റ്‌ ചെയ്‌ത നെഫ്‌റോ കെയര്‍ ഇന്ത്യ എസ്‌എംഇ ഐപിഒ ഉദാഹരണം. ഈ ഓഹരി 90 ശതമാനം നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം എല്ലാ ദിവസവും അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുകയാണ്‌. ഈ ഐപിഒക്ക്‌ 194 ശതമാനമാണ്‌ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉണ്ടായിരുന്നത്‌.

എസ്‌എംഇ ഐപിഒകളിലേക്ക്‌ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നത്‌ തുടരുകയാണ്‌. നാളെ ലിസ്റ്റ്‌ ചെയ്യുന്ന ഗണേഷ്‌ ഗ്രീന്‍ ഭാരത്‌ 230 മടങ്ങും എഫ്‌വ ഇന്‍ഫ്ര റിസര്‍ച്ച്‌ 313 മടങ്ങുമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

2024ല്‍ ആദ്യത്തെ ആറ്‌ മാസം വിപണിയിലെത്തിയ 110 എസ്‌എംഇ ഐപിഒകളില്‍ 43ഉം 100 ശതമാനത്തിലേറെ നേട്ടം നല്‍കി. 1500 ശതമാനം വരെ നേട്ടം നല്‍കിയ എസ്‌എംഇ ഐപിഒയുണ്ട്‌.

ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ വന്‍നേട്ടം നല്‍കുന്ന പ്രവണത കണ്ട്‌ ചില്ലറ നിക്ഷേപകര്‍ ഇത്തരം ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യുന്നത്‌ ഗണ്യമായി വര്‍ധിച്ചു.

X
Top