
ന്യൂഡൽഹി: ഗൂഗിള് മെറ്റ പോലുള്ള വന്കിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്ന നിര്ദേശവുമായി ഡിജിറ്റല് കോമ്പറ്റീഷന് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ വകുപ്പ് നിയോഗിച്ച കമ്മറ്റി.
മാര്ച്ച് 12-നാണ് കമ്മറ്റി റിപ്പോര്ട്ട് സമര്പ്പിച്ചത്. വിപണിയെ നിയന്ത്രിക്കാന് നിലവില് ഉപയോഗിക്കുന്ന 2002-ലെ കോമ്പറ്റീഷന് നിയമം ഡിജിറ്റല് വിപണിയെ നിയന്ത്രിക്കാന് അപര്യാപ്തമാണെന്ന് പറഞ്ഞ സമിതി പുതിയ നിയമം വേണമെന്ന നിര്ദേശം മുന്നോട്ടുവെച്ചു.
ഇന്ന് കാണും വിധം ഡിജിറ്റലൈസേഷനുള്ള വ്യാപ്തിയും വേഗവും മുന്കൂട്ടി കാണാന് സാധിക്കാത്ത സമയത്താണ് കോമ്പറ്റീഷന് നിയമത്തിലെ ചട്ടക്കൂട് തയ്യാറാക്കിയതെന്നും സമിതി പറയുന്നു.
കോമ്പറ്റീഷന് നിയമത്തിന് പകരമെന്നോണം വന്കിട ഡിജിറ്റല് കമ്പനികളുടെ മത്സരവിരുദ്ധ നടപടികള് നേരിടുന്നതിനായി ഡിജിറ്റല് കോമ്പറ്റീഷന് ആക്ട് രൂപവത്കരിക്കണമെന്നാണ് റിപ്പോര്ട്ട് നിര്ദേശിക്കുന്നത്. ഡിജിറ്റല് വിപണിയില് വലിയ സ്വാധീനമുള്ള കമ്പനികളെ ലക്ഷ്യമിട്ടുള്ള കരട് നിയമമാണ് സമിതി തയ്യാറാക്കിയിരിക്കുന്നത്.
ഡിജിറ്റല് സമ്പദ് വ്യവസ്ഥയില് ഉയര്ന്നുവരുന്ന വെല്ലുവിളികള് നേരിടാന് 2002 ലെ കോമ്പറ്റീഷന് നിയമം പര്യാപ്തമാണോ എന്നും ഡിജിറ്റല് വിപണിയെ നിയന്ത്രിക്കാന് പ്രത്യേകം നിയമം ആവശ്യമാണോ എന്നും പരിശോധിക്കുന്നതിന് വേണ്ടി 2023 ഫെബ്രുവരി ആറിനാണ് ഡിജിറ്റല് കോമ്പറ്റീഷന് നിയമത്തിന് വേണ്ടിയുള്ള പാര്ലമെന്റ് കമ്മറ്റി രൂപീകരിച്ചത്.
ഡിജിറ്റല് വിപണിയിലെ ശക്തമായ നെറ്റ് വര്ക്ക് ഇഫക്ടുകള് കൊണ്ട് കമ്പനികള്ക്ക് അവരുടെ ഉപഭോക്തൃ അടിത്തറ അതിവേഗം ശക്തിപ്പെടുത്താനും വിപണിയില് ആധിപത്യം സ്ഥാപിക്കാനും കഴിയും. ഇത് മത്സരവിരുദ്ധ പ്രവണതയ്ക്ക് വഴിവെക്കുമെന്ന് സമിതി പറയുന്നു.
വിപണിയിലെ മത്സര ക്ഷമത കുറയ്ക്കുക, വിപണിയില് പുതിയതായി പ്രവേശിക്കുന്നവര്ക്ക് തടസങ്ങള് സൃഷ്ടിക്കുക തുടങ്ങി മുന്നിര കമ്പനികള്ക്ക് മത്സരത്തെ തടയിടാനുള്ള രീതികള് അവലംബിക്കാന് ഇത് അവസരം നല്കുന്നു.
ഒരു കേന്ദ്ര ഡിജിറ്റല് സേവനവുമായി ബന്ധപ്പെട്ട വിപണിയില് സുപ്രധാന സാന്നിധ്യമുള്ള സ്ഥാപനങ്ങളെയാണ് സമിതി തയ്യാറാക്കിയ കരട് നിയമം ലക്ഷ്യമിടുന്നത്. ‘സിസ്റ്റമിക്കലി സിഗ്നിഫിക്കന്റ് ഡിജിറ്റല് എന്റര്പ്രൈസ്’ അഥവാ എസ്എസ്ഡിഇകള് എന്നാണ് ഇത്തരം സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റല് വിപണികളിലെ മത്സരവിരുദ്ധ പെരുമാറ്റങ്ങള് തടയാന് സമയോചിതമായ ഇടപെടല് അനിവാര്യമാണെന്ന് റിപ്പോര്ട്ടില് പറയുന്നു. ശരിയായ രീതിയില് രൂപകല്പനചെയ്ത നടപടിക്രമങ്ങളിലൂടെ സമയോചിതവും ഫലപ്രദവുമായ ഇടപെടല് നടത്താന് കോമ്പറ്റീഷന് കമ്മീഷന് സാധിക്കുമെന്നും സമിതി പറയുന്നു.