
ആഗോള വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിക്കുന്നതും ആവശ്യകത കുറയുന്നതും വിലയിടിയാന്‍ കാരണമാകുമെന്നാണ് റേറ്റിങ് ഏജന്‍സിയുടെ വിലയിരുത്തല്‍
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴും എണ്ണവില കുറയുമെന്ന പ്രവചനവുമായി റേറ്റിങ് ഏജന്‍സി. ഗോള്‍ഡ്മാന്‍ സാക്‌സാണ് ഇപ്പോള്‍ ബാരലിന് 93 ഡോളറുള്ള എണ്ണവില 2027 അവസാനത്തോടെ 78 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. ആഗോള വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിക്കുന്നതും ആവശ്യകത കുറയുന്നതും വിലയിടിയാന്‍ കാരണമാകുമെന്നാണ് റേറ്റിങ് ഏജന്‍സിയുടെ വിലയിരുത്തല്‍.
2027ല്‍ ആഗോള എണ്ണവിപണിയില്‍ പ്രതിദിനം 20 ലക്ഷം ബാരലിന്റെ മിച്ചമുണ്ടാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ കണക്കുകൂട്ടല്‍. 2026 ഒക്ടോബറോടെ തന്നെ ആഗോള എണ്ണവിപണി മിച്ചത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടും എണ്ണവിതരണം നിലനിര്‍ത്താന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതും വില കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. പൈപ്പ്ലൈനുകള്‍ വഴിയുള്ള കയറ്റുമതി, കപ്പലുകള്‍ തമ്മിലുള്ള എണ്ണ കൈമാറ്റം, കൂടുതല്‍ ടാങ്കറുകളുടെ വിന്യാസം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്ത ഒരു വര്‍ഷത്തിനിടെ ഹോര്‍മുസ് കടലിടുക്കിനെ മറികടന്ന് എണ്ണ എത്തിക്കാന്‍ പ്രതിദിനം 38 ലക്ഷം ബാരല്‍ ശേഷിയുള്ള അധിക പൈപ്പ്ലൈന്‍ സൗകര്യങ്ങള്‍ നിലവില്‍ വരുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍. 2027ല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം 2025ലെ ശരാശരിയേക്കാള്‍ പ്രതിദിനം 14 ലക്ഷം ബാരല്‍ ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ ചൈനയിലെ ആവശ്യകത കുറയുന്നതും വിലയെ സ്വാധീനിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതും ഉയര്‍ന്ന എണ്ണവിലയെ തുടര്‍ന്ന് ഗതാഗത മേഖലയിലെ ഇന്ധന ഉപഭോഗം കുറഞ്ഞതുമാണ് ഇതിന് പിന്നില്‍.






